അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നാളെ (മെയ് 5) ആരംഭിക്കും. എറണാക്കുളം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ. കേസില്‍ 83 സാക്ഷികളാണുള്ളത്. ആദ്യഘട്ടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട 21 സാക്ഷികളെയാണ് വിസ്തരിക്കുക. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും.
സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും പ്രതിപ്പട്ടികയിലുണ്ട്. കേസിലെ ഗൂഢാലോചനയ്ക്ക് ജയരാജനും രാജേഷിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നേരത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചനാ കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയത്.
മുസ്ലിം ലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജൻ. ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചു മണിക്കൂറുകൾക്കകമായിരുന്നു സംഭവം. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.