സ്വര്‍ണമിടപാടിന് എടിഎം മെഷീന് പോലൊരു യന്ത്രം ഉണ്ടായിരുന്നെങ്കിലോ? സ്വര്‍ണം വില്ക്കാന് ഒരു എടിഎം (gold atm) തന്നെ കണ്ടുപിടിച്ചിരിക്കുകയാണ് ചൈന. കൈയിലുള്ള സ്വര്‍ണം എടിഎം പോലുള്ള മെഷീനില്‍ ഇട്ടാല്‍ അത് ഉരുക്കി, തൂക്കവും പരിശുദ്ധിയും അളന്ന് അന്നത്തെ വില നോക്കി അപ്പോള്‍ത്തന്നെ കാശ് നല്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.
ചൈനയിലെ ഷാങ്ഹായ് നഗരത്തിലെ ഒരു ഷോപ്പിങ് മാളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ എടിഎമ്മിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചെറിയൊരു സര്‍വീസ് ഫീസ് മാത്രം ഈടാക്കിയാണ് ഈയന്ത്രം ഉപയോഗിച്ചുള്ള സ്വര്‍ണമിടപാടുകള്‍ നടക്കുന്നത്. കിംഗ്ഹുഡ് ഗ്രൂപ്പാണ് ഈ ന്യൂജന്‍ ഐഡിയയ്ക്ക് പിന്നില്‍. വെറും 30 മിനിറ്റിനുള്ളില്‍ സ്വര്‍ണവില്‍പ്പന പൂര്‍ത്തിയാക്കി പണം കൈയിലെത്തുമെന്നതാണ് ഈ എടിഎമ്മിന്റെ പ്രധാന പ്രത്യേകത. 24 മണിക്കൂറും എടിഎമ്മിന്റെ സേവനം ലഭ്യമാണ്. സ്വര്‍ണം പരിശോധിച്ച്, ഉരുക്കി, ഭാരം നോക്കി, ശുദ്ധി ഉറപ്പുവരുത്തി വിപണിയിലെ വില ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടു തരും. മൂന്ന് ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണം ഈ യന്ത്രം സ്വീകരിക്കും. 50 ശതമാനത്തില്‍ കൂടുതല്‍ ശുദ്ധമായ സ്വര്ണമായിരിക്കണമെന്ന നിബന്ധന ഉണ്ട്.
സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധനയും വിലനിര്‍ണയവുമെല്ലാം പൂര്‍ണമായും ടെക്നോളജി അധിഷ്ഠിതമാണ്. ചൈനയിലുടനീളം 100ലേറെ സ്ഥലങ്ങളില്‍ ഈ എടിഎം സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്ക്. എടിഎം വഴി സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ തിരക്കാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗത വില്പ്പനരീതികളില് നിന്ന് മാറി ചിന്തിക്കാന്‍ ഉപയോക്താക്കള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
content highlight: Smart Gold ATM