ഹോം വിഡിയോ ഗെയിം കണ്‍സോള്‍ ആയ എക്സ്ബോക്സ് കണ്‍സോളിന്റെയും ആക്സസറികളുടെയും വില വര്‍ധിപ്പിച്ച് മൈക്രോസോഫ്റ്റ്. വിപണി സാഹചര്യങ്ങളും വികസനച്ചെലവ് വര്‍ദ്ധിച്ചുവരുന്നതും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
അമേരിക്കയുടെ പുതിയ താരിഫ് നയം സൃഷ്ടിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്നത് ഒഴിവാക്കിയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം. വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളുടെയും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം.
അമേരിക്കയില്‍ എക്സ്ബോക്സ് സീരീസ് എസിന്റെ വില 379.99 ഡോളറായാണ് വര്‍ധിക്കുക. എക്സ്ബോക്സ് സീരീസ് എസ് ഇറങ്ങിയ സമയത്തെ വിലയായ 299.99 ഡോളറില്‍ നിന്ന് 80 ഡോളറാണ് അധികമായി കൂടുക. സീരീസ് എക്സിന്റെ വില 599.99 ഡോളറായും ഉയരും. നൂറ് ഡോളറിന്റെ വര്‍ധനയാണ് വരുത്തിയത്. ആക്സസറികളെയും ഒഴിവാക്കിയിട്ടില്ല
വയര്‍ലെസ് കണ്ട്രോളറുകള്ക്കും ഹെഡ്സെറ്റുകള്‍ക്കും യുഎസിലും കാനഡയിലും വില വര്‍ധിക്കും. യൂറോപ്പ്, യുകെ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള വിപണികളിലും എക്സ്ബോക്സ് വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച യുഎസ് താരിഫ് മൂലം വിതരണ ശൃംഖലയില്‍ ഉണ്ടായ മാറ്റം കണക്കിലെടുത്താണ് ആഗോള ടെക്, ഗെയിമിംഗ് കമ്പനികള്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തുന്നത്.
ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതികാര നടപടികള്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഉല്‍പ്പാദന ചെലവ് ഉയരാനും ഇതിന്റെ പ്രതിഫലനമെന്നോണം അന്തിമ ഉപയോക്തൃ വിലനിര്‍ണ്ണയത്തില്‍ മാറ്റം വരാനും ഇടയാക്കിയിരിക്കുകയാണ്.
content highlight: Microsoft