നീറ്റ് പരീക്ഷ എഴുതാനായി വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി എത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ചു നൽകിയ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാജ ഹാൾടിക്കറ്റ് തയാറാക്കിയതായി ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഏൽപ്പിച്ചെങ്കിലും അപേക്ഷിക്കാൻ മറന്നുപോയി. ഇത് മറച്ചുവെക്കാനാണ് വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയത് എന്നും ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്.
ഗ്രീഷ്മ ഈ സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിച്ച് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് സ്ഥാപന ഉടമ പൊലീസിനെ അറിയിച്ചു.