പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇ ബസുകൾ ഡൽഹി പുറത്തിറക്കി. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന (ദേവി) ഇ-ബസ് ബസുകൾ മലിനീകരണം കുറയ്ക്കുന്നു. 400 ഇലക്ട്രിക് ബസുകളാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയത്. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
വൈദ്യുതിയിലോടുന്ന ബസുകള്‍, വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, പത്തു മിനുറ്റിന്റെ ഇടവേളയില്‍ ബസുകള്‍, അടുത്ത വര്‍ഷത്തിനുള്ളില്‍ 100 ശതമാനം പൊതു ഗതാഗതം… രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ പൊതു ഗതാഗത സംവിധാനം മാറ്റി മറിക്കുന്ന പദ്ധതിയാവുകയാണ് DEVi(ഡല്‍ഹി ഇലക്ട്രിക് വെഹിക്കിള്‍ ഇന്റര്‍കണക്ടര്‍). മെട്രോ സ്റ്റേഷനുകളും ബസ് ടെര്‍മിനലുകളും തമ്മിലുള്ള അവസാന മൈല്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുകയാണ് ദേവി ബസുകളുടെ ലക്ഷ്യം.
2025 അവസാനമാവുമ്പോഴേക്കും 2,080 വൈദ്യുത ബസുകള്‍ പദ്ധതിക്കു കീഴില്‍ ഡല്‍ഹി നിരത്തുകളിലെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2026 അവസാനമാവുമ്പോഴേക്കും ഡല്‍ഹിയിലെ നിരത്തുകളിലെ പൊതുഗതാഗത സംവിധാനം പൂര്‍ണമായും വൈദ്യുത ബസുകളിലേക്കു മാറുമെന്നതും ദീര്‍ഘകാല ലക്ഷ്യമാണ്.
വൈദ്യുത ബസുകള്‍ കിഴക്ക്, പടിഞ്ഞാറ് ഡല്ഹിയിലായിട്ടാണ് സര്‍വീസ് നടത്തുക. ഗാസിപുര്‍, വിനോദ് നഗര്‍ ഈസ്റ്റ്, നാന്‍ഗ്ലോയ് എന്നിവിടങ്ങളിലാണ് പ്രധാനമായും വൈദ്യുത ബസുകള്‍ നിരത്തിലെത്തുക. വൈദ്യുത ബസുകളില്‍ 23 യാത്രികര്‍ക്കാണ് ഇരുന്ന് സഞ്ചരിക്കാനാവുക. ഇതില്‍ ആറ് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 13 യാത്രികര്‍ക്ക് നിന്നും സഞ്ചരിക്കാനാവും. ടിക്കറ്റ് നിരക്ക് 10 രൂപ മുതല്‍ 25 രൂപ വരെയാണ്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിരക്ക് ഈടാക്കില്ല. അഞ്ചു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി നിരക്ക് ഈടാക്കും. ഡല്‍ഹിയിലെ മറ്റു ബസുകളിലേതു പോലെ സ്ത്രീകള്‍ക്ക് ദേവി ബസുകളിലും യാത്ര സൗജന്യമാണ്. എന്നാല്‍ പിങ്ക് ടിക്കറ്റ് കൈവശം വെക്കാന്‍ ശ്രദ്ധിക്കണം. 10 മിനുറ്റ് ഇടവേളകളില്‍ സര്വീസുണ്ടാവുമെന്നതും നഗരയാത്രികര്‍ക്ക് ആശ്വാസകരമാവും.
ദേവി ബസുകള്‍ എത്തിയതോടെ ഡല്‍ഹി നിവാസികള്‍ക്ക് 500 മീറ്ററിനുള്ളില്‍ പൊതുഗതാഗത സൗകര്യം ലഭ്യമാവും. ഓരോ ദേവി ബസും പരമാവധി 12 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന രീതിയിലാണ് റൂട്ടുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ബസ് ചാര്‍ജ് ചെയ്യാന്‍ പരമാവധി 45 മിനുറ്റാണ് സമയമെടുക്കുക. ഒറ്റ ചാര്‍ജില്‍ 225 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. ഒരിക്കല്‍ ചാര്‍ജു ചെയ്താല്‍ 19 യാത്രകള്‍ നടത്താന്‍ ദേവി ബസുകള്‍ക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു.
400 ദേവി ബസുകളില്‍ 30 എണ്ണം ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും(ഡിടിസി) 370 എണ്ണം ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റവും(DIMTS) ആണ് സര്‍വീസ് നടത്തുക. എല്ലാ ബസുകളിലും ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം(ITMS) സ്ഥാപിച്ചിട്ടുണ്ട്. ജിപിഎസ് ട്രാക്കിങ്, ഓട്ടമാറ്റിക് പാസഞ്ചര്‍ കൗണ്ടിങ്, സിസിടിവി സര്‍വൈലന്‍സ്, ഡിജിറ്റല്‍ ഡിസ്പ്ലേ, വോയ്സ് അനൗണ്‍സ്മെന്റ്, വീല്‍ചെയര്‍ റാംപുകള്‍, പാനിക് ബട്ടണുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും സുരക്ഷിത യാത്ര ഉറപ്പിക്കാന്‍ ദേവി ബസുകളിലുണ്ടാവും. ബസിന്റെ വാതിലുകള്‍ പൂര്‍ണമായി അടഞ്ഞില്ലെങ്കില്‍ മുന്നോട്ടു നീങ്ങാനാവില്ലെന്ന അധിക സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.