ആധുനിക സാങ്കേതിക വിദ്യയിലെ ഏറ്റവും വലിയ വിപ്ലവം ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI). ഇന്നത്തെ കാലത്ത് വിവിധ മേഖലകളില്‍ ഇതിന്റെ പ്രഭാവം കാണാം, അതില്‍ വിദ്യാഭ്യാസ രംഗവും ഒഴിച്ചുകൂടാനാവില്ല. പ്രീസ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ അതിനാരംഭമെന്നവണ്ണം യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയമായി അവതരിപ്പിക്കാനൊരുങ്ങുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ‘എക്സി’ല്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.”ഭാവി തലമുറയെ വ്യത്യസ്തമായൊരു ഭാവിയിലേക്കും പുതിയ ലോകത്തിലേക്കും നൂതനമായ കഴിവുകളിലേക്കും തയ്യാറാക്കുന്നതിനുള്ള യുഎഇയുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള യുഎഇയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു വിഷയമായി അവതരിപ്പിക്കുന്നതിനുള്ള അന്തിമ പാഠ്യപദ്ധതിക്ക് യുഎഇ ഭരണകൂടം ഇന്ന് അംഗീകാരം നല്കി. ലോകത്തിന്റെ ജീവിതരീതിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിവര്‍ത്തനം ചെയ്യുമെന്ന് ഉറപ്പിച്ചുകൊണ്ട് സമഗ്രമായ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശ്രമങ്ങളെ ഭരണകൂടം അഭിനന്ദിക്കുന്നു.” അദ്ദേഹം പറഞ്ഞു.
സാങ്കേതികമായ വീക്ഷണകോണില്‍നിന്ന് കുട്ടികളില്‍ എഐയെ കുറിച്ച് ആഴത്തില്‍ അറിവുണ്ടാക്കുക, ഒപ്പം ഈ പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ധാര്‍മികതയെ കുറിച്ചും അവയുടെ ഡേറ്റ, അല്‍ഗൊരിതം, ഉപയോഗം, ഭീഷണികള്‍ എന്നിവയെ കുറിച്ചും അവബോധം വളര്‍ത്തുക, സമൂഹവുമായും ജീവിതവുമായുമുള്ള അതിന്റെ ബന്ധത്തെ കുറിച്ചുള്ള ഗ്രാഹ്യം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ള, നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായൊരു സമയത്തേക്ക് വരുംദശകങ്ങളില്‍ നമ്മുടെ രാജ്യത്ത് വികസനത്തിന്റെയും പുരോഗതിയുടെയും തുടര്‍ച്ച ഉറപ്പാക്കുന്ന പുതിയ കഴിവുകള്‍ ഉപയോഗിച്ച് നമ്മുടെ കുട്ടികളെ സജ്ജരാക്കുക എന്നതാണ് ഉത്തരവാദിത്തമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.