പഹൽഗാം സംഭവത്തിന് ശേഷം ഇന്ത്യയുടെ പ്രതികാര നടപടി ഉണ്ടാകുമോയെന്ന ഭയത്തിലാണ് പാക്കിസ്ഥാൻ. അത്കൊണ്ട് തന്നെയാണ് വാക്ക് പോരും ഭീഷണിയുമൊക്കെ നടത്തുന്നത്. അതും പോരാതെ ഇപ്പോൾ സൈബർ അറ്റാക്ക് നടത്താനുള്ള ശ്രമത്തിലാണ് നമ്മുടെ അയൽ രാജ്യം ഇപ്പോൾ. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ പ്രതിരോധ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഹാക്കർമാർ.
പ്രതിരോധ ഉദ്യോഗസ്ഥരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് ഡാറ്റ ചോർത്തിയിരിക്കാമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിട്ടുണ്ട്. മിലിട്ടറി എഞ്ചിനീയർ സർവീസസിന്റെയും മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെയും സെൻസിറ്റീവ് ഡാറ്റയിലേക്ക് ‘പാകിസ്ഥാൻ സൈബർ ഫോഴ്സ്’ എന്ന ഹാൻഡിൽ ആക്സസ് നേടിയതായി സൈന്യം അറിയിച്ചു.
ഇതിന് പുറമേ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആർമേർഡ് വെഹിക്കിൾ നിഗം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വികൃതമാക്കാനും ഹാക്കർമാരുടെ സംഘം ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ പതാകയും അൽ ഖാലിദ് ടാങ്കും ഉപയോഗിച്ച് വെബ്സൈറ്റ് വികൃതമാക്കിയിട്ടുണ്ട്.
എന്നാൽ ഹാക്കർമാരുടെ ഈ ശ്രമത്തിന് പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ് ഇന്ത്യ ഇപ്പോൾ. വെബ്സൈറ്റിന്റെ സമഗ്രത ഉറപ്പുവരുത്തുന്നതിനും, വികൃതമാക്കൽ ശ്രമം മൂലമുണ്ടായേക്കാവുന്ന നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുമായി മുൻകരുതൽ നടപടിയായി ആർമേഡ് വെഹിക്കിൾ നിഗം ലിമിറ്റഡിന്റെ വെബ്സൈറ്റ് ഓഫ്ലൈനിൽ നിന്ന് നീക്കം ചെയ്തതായി സൈന്യം അറിയിച്ചു.