കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിലും കോട്ടയത്തും പോസ്റ്ററുകൾ. സുധാകരൻ അധ്യക്ഷ ചുമതലയിൽ തുടരണമെന്നാണ് ആവശ്യം. ‘കോൺഗ്രസ് പടയാളികൾ’ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ സുധാകരന്റെ കൂടെ കൂടിയവരാണ് തങ്ങളെന്നും മുന്നറിയിപ്പ് നൽകുന്നു.
കോട്ടയം പൂഞ്ഞാറിലാണ് കെ സുധാകരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ് രക്ഷാസമിതി’യുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ. സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരട്ടെ എന്ന് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വരാൻ നട്ടെല്ലുള്ള നായകൻ വേണമെന്നും ഫ്ലക്സിലുണ്ട്.
അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടിയെന്നാണ് വിവരം. എന്നാൽ സമ്പൂർണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ മാറ്റാൻ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.