കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. എത്ര മന്ത്രി വേണം, കെപിസിസി അധ്യക്ഷന്‍ വേണം എന്നൊന്നും പറയാന്‍ കത്തോലിക്ക സഭ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങളും അധികാരക്കൊതിയും പരിഹരിക്കാന്‍ പ്രാപ്തിയുള്ളയാളെ അധ്യക്ഷനാക്കിയാല്‍ കൊള്ളാമെന്നും സഭ മുന്നറിയിപ്പ് നല്കുന്നു.
‘അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം’ എന്ന തലക്കെട്ടോടെയെഴുതിയ എഡിറ്റോറിയലിലാണ് വിമര്‍ശനം. കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ കത്തോലിക്ക സഭ നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ടിനിടെയാണ് ദീപികയിലെ വിമർശനം. ചെറിയ സ്ഥാനമാനങ്ങള്‍ക്കും സ്റ്റേജിലൊരു ഇരുപ്പിടത്തിന് പോലും കോണ്‍ഗ്രസിലുണ്ടാകുന്ന തിക്കിതിരക്ക് എക്കാലത്തും പാര്‍ട്ടിയുടെ വിലകെടുത്തിയിട്ടുള്ളതാണ്. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിക്ക് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത്. അടുത്ത തവണ ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോള്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ആഭ്യന്തര കലാപമാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിലെത്തിയിരിക്കുന്നത്. പാര്‍ട്ടി തര്‍ക്കത്തില്‍ മതനേതാക്കള്‍ക്ക് എന്ത് പങ്കാണുള്ളതെന്ന് അറിയില്ല’, എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ കാരണം സംഘടനാ ദൗര്‍ബല്യമാണെങ്കില്‍ ശത്രു പുറത്തല്ല, അകത്താണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കരുതുന്ന പാര്‍ട്ടി അണികളെ പാര്‍ട്ടി നേതാക്കള്‍ തന്നെ പരാജയപ്പെടുത്തരുത്- ദീപിക ചൂണ്ടികാട്ടി.
content highlight: Deepika Editorial