മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. തീയറ്ററില്‍ നിറഞ്ഞ കൈയ്യടികളോടെ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിന് പുറത്തും അകത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം എന്ന പ്രത്യേകത കൂടി തുടരും എന്ന സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ സിപിഒ സുധീഷ് എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത് സംവിധായകന് ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ സഹോദരനുമായ ഫര്ഹാന് ഫാസിലാണ്. ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം തന്നെയാണ് ഫര്ഹാന് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ ഉടന്‍ മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ച സന്തോഷത്തിലാണ് ഫര്ഹാന്. ഫഹദ് ഫാസിലും പ്രിവ്യൂ കണ്ട് പ്രശംസിച്ചുവെന്ന് ഫര്ഹാന് പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
”എനിക്ക് തോന്നുന്നു ഷാനു(ഫഹദ്) കാണുന്ന എന്റെ ആദ്യത്തെ പടം തുടരും ആണെന്ന്. ഭീഷ്മ പര്‍വ്വം കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. വാപ്പയ്ക്കും ഉമ്മയ്ക്കും കാണാന്‍ പ്രിവ്യൂ അയച്ചിരുന്നു. അത് കണ്ട് കഴിഞ്ഞിട്ടാണ് ഫഹദ് വിളിക്കുന്നത്. നീ നന്നായിട്ട് ചെയ്തിട്ടുണ്ടെന്നാണ് ഫഹദ് പറഞ്ഞത്. ആദ്യമായിട്ടാണ് എന്റെ പെര്ഫോന്സിനെ കുറിച്ച് ഫീഡ് ബാക്ക് തരുന്നത്. എനിക്ക് ആദ്യം അപ്രീസിയേഷന്‍ കിട്ടിയത് ലാലേട്ടനില്‍ നിന്നായിരുന്നു. സിനിമയുടെ ഡബ്ബ കഴിഞ്ഞയുടന്‍ ലാലേട്ടന് എന്നെ വിളിച്ചിരുന്നു. മോനെ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ എനിക്കിനി വേറെയൊന്നും കേള്‍ക്കണ്ട ഒന്നും അറിയണ്ട എന്നായിരുന്നു”-ഫര്ഹാന് ഫാസില്‍ പറഞ്ഞു.
മോഹന്‍ലാലിനൊപ്പം ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, മണിയന് പിള്ള രാജു, ഇര്‍ഷാദ് അലി എന്നിവരും തുടരുമില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനത്തിന് തിയേറ്ററുകളില്‍ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വര്‍മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.