കിയയുടെ ജനപ്രിയ മോഡലായ കാരെൻസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. പുതിയ വാഹനത്തിന് കാരെൻസ് ക്ലാവിസ് എന്നാണ് ദക്ഷണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പേരിട്ടിരിക്കുന്നത്. പുതുതായി പുറത്തിറക്കിയ കാരെൻസിന്റെ ഈ ഫെയ്സ്ലിഫ്റ്റ് പതിപ്പ് എംപിവിക്കും എസ്യുവിക്കും ഇടയിലുള്ള ഒരു ക്രോസ്ഓവർ ആണെന്ന് പറയാം.കിയ ഇവി5 എസ്യുവികളോട് സാമ്യമുള്ള കിയ കാരൻസ് ക്ലാവിസിന് 11 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് വില.
പുതിയ സിറോസ് എസ് യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിയ കാരൻസ് ക്ലാവിസിന്റെ ഇന്റീരിയർ തയ്യാറാക്കിയിരിക്കുന്നത്.കാരൻസിന്റെ ഒരു ഫെയ്സ് ലിഫ്റ്റ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാരൻസിന് മുകളിലായി പുതിയ ഒരു പ്രീമിയം മോഡലായിരിക്കും കാരൻസ് ക്ലാവിസെന്ന് കിയ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കിയ കാരെൻസ് ക്ലാവിസ്: എഞ്ചിൻ
മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കാരെൻസ് ക്ലാവിസ് ലഭ്യാമവുക. സ്മാർട്ട്സ്ട്രീം G1.5 (പെട്രോൾ എഞ്ചിൻ), സ്മാർട്ട്സ്ട്രീം G1.5 T-GDi (ടർബോ പെട്രോൾ എഞ്ചിൻ), 1.5L CRDi VGT (ഡീസൽ എഞ്ചിൻ) എന്നിവയാണ് അവ. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് DCT ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്.
കിയ കാരെൻസ് ക്ലാവിസ്: ഇന്റീരിയർ, എക്സ്റ്റീരിയർ
കിയ കാരെൻസിന് സമാനമായ ഡിസൈൻ തന്നെയാണ് ഈ എംയുവിക്കുള്ളത്. ഐസ് ക്യൂബ് എംഎഫ്ആർ എൽഇഡി ഹെഡ്ലാമ്പുകൾ, സിഗ്നേച്ചർ ഡിജിറ്റൽ ടൈഗർ ഫെയ്സ് ഡിസൈൻ, സ്റ്റാർ മാപ്പ് എൽഇഡി കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവയും നൽകിയിട്ടുണ്ട്. പരമാവധി സൗകര്യപ്രദവും സുഖകരവുമായ തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ഇന്റീരിയർ ക്ലാവിസിനുണ്ടെന്നാണ് കിയ പറയുന്നത്. ആദ്യ നിരയിലുള്ള പാസഞ്ചർ സീറ്റ് നീക്കുന്നതിനുള്ള വാക്ക്-ഇൻ ലിവറുമായാണ് കിയ കാരെൻസ് വരുന്നത്. ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഇൻഫോടെയ്ൻമെന്റ് കൺട്രോൾ സ്വാപ്പ് സ്വിച്ച്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 64-കളർ ആംബിയന്റ് ലൈറ്റിങ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
കിയ കാരെൻസ് ക്ലാവിസ്: സുരക്ഷാ സവിശേഷതകൾ
സുരക്ഷയുടെ കാര്യത്തിൽ നിരവധി സവിശേഷതകളുമായാണ് കിയ കാരെൻസ് ക്ലാവിസ് വരുന്നത്. ലെവൽ-2 ADAS ഫീച്ചർ സ്യൂട്ട്, 360-ഡിഗ്രി ക്യാമറ, ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിങ്, സ്റ്റോപ്പ് ആൻഡ് ഗോ സഹിതം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ് ട്രാഫിക് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ് തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകൾ.
കിയ കാരെൻസ് ക്ലാവിസ്: പ്രതീക്ഷിക്കാവുന്ന വില
നിലവിൽ കിയ കാരെൻസ് ക്ലാവിസിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. 2025 ജൂൺ 2 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 11 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ ആയിരിക്കാം ഈ പുതിയ എംയുവിയുടെ എക്സ്-ഷോറൂം വില. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള കിയ ഡീലർഷിപ്പ് സന്ദർശിച്ചോ 25,000 രൂപ ടോക്കൺ തുകയ്ക്ക് മെയ് 9 മുതൽ കിയ കാരെൻസ് ക്ലാവിസ് ബുക്ക് ചെയ്യാനാവും.