ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പാകിസ്താൻ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ദേശതാത്പര്യം കണക്കിലെടുത്ത് പാകിസ്താൻ നിർമിത വെബ് സീരീസുകൾ, സിനിമകൾ, സംഗീതം, പോഡ്കാസ്റ്റുകൾ, മറ്റു ഉളളടക്കങ്ങൾ എന്നിവയുടെ സംപ്രേഷണം നിർത്തണമെന്നാണ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദേശം.
2021ലെ ഐ.ടി ആക്ട് പ്രകാരം ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യതയെയോ പ്രതിരോധത്തെയോ ബാധിക്കുന്ന ആശയങ്ങൾ പ്ലാറ്റ് ഫോമുകളിൽ പ്രദർശിപ്പിക്കാൻ പാടില്ല. ഈ നിയമത്തെ പിന്തുടർന്നാണ് പുതിയ ഉത്തരവ്.
ഇതിനിടെ ഇന്ത്യാവിരുദ്ധ പരാമർശത്തിൽ പാകിസ്താനി അഭിനേതാക്കളായ ഫവാദ് ഖാൻ, മഹിരാ ഖാൻ എന്നിവർക്കെതിരെ വിമർശനവുമായി ആൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ മുന്നോട്ടു വന്നു. അവരുടെ നിലപാട് ദേശത്തെ മാത്രമല്ല ഭീകരവാദത്തിൽ ജീവൻ നഷ്ടപ്പെട്ട എണ്ണമറ്റ നിരപരാധികളോടും രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച സൈനികരോടുമുള്ള നിന്ദയാണെന്നും അവർ കൂട്ടിച്ചേർത്തു. പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാകിസ്താൻ കലാകാരൻമാരുടെ ഇന്ത്യയിലെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളെല്ലാം ബാൻ ചെയ്തിരുന്നു.