ധരംശാല: ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു. ജമ്മുവിൽ ഇന്ത്യ-പാക് സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഐഎഎൻഎസ്സിനോട് പ്രതികരിച്ചു. സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ കളി നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷമാണ് കളി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. ടീമുകളോടും കാണികളോടും സ്‌റ്റേഡിയം വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിന്റെ ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെയാണ് മത്സരം തടസ്സപ്പെട്ടത്. 10.1 ഓവറില്‍ 122-1 എന്ന നിലയിലായിരുന്നു പഞ്ചാബ്. 34 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് മാത്രമാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. പ്രഭ്‌സിമ്രാന്‍ സിങ്(50), ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്.
ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. വ്യോമതാവളങ്ങൾ, ജയ്സാൽമീർ സൈനിക ആസ്ഥാനം, ശ്രീനഗർ, ജമ്മു വിമാനത്താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. ഇവയെല്ലാം ഇന്ത്യയുടെ എസ്400 ട്രാൻസ് മിസൈൽ തകർത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചൈനീസ് നിർമിത വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടു. രണ്ട് ജെഎഫ്17 വിമാനങ്ങൾ തകർന്നതായാണ് വിവരം. ജമ്മുവിൽ നിന്ന് ഉയർന്നുപൊങ്ങിയ ഇന്ത്യൻ വിമാനങ്ങളാണ് പാകിസ്താന്റെ യുദ്ധവിമാനങ്ങളെ നേരിട്ടത്. അതേസമയം, യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. സാംബ, അഖ്‌നൂര്‍, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്.