പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് നല്കിയ മറുപടിയായ ‘ഓപ്പറേഷന് സിന്ദൂര്‍’ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിച്ചു ചേര്‍ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം. പാക്കിസ്ഥാന്റെ ഭീകരതയ്ക്കെതിരേ ഇന്ത്യനല്‍കുന്ന തിരിച്ചടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കുള്ള നിലപാടറിയാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. സി.പി.എമ്മിനു വേണ്ടി യോഗത്തില്‍ പങ്കെടുത്തത് രാജ്യസഭാ എം.പി ജോണ്‍ബ്രിട്ടാസാണ്.
പാക്കിസ്ഥാന്റെ ഭീകരതയ്ക്ക് ചുട്ട മറുപടി നല്കണണെന്നു തന്നെയാണ് യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറഞ്ഞതെങ്കിലും ചില സംശയങ്ങള്‍ ദൂരീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്രയും പ്രധാനപ്പെട്ട സംഭവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പ്രധാനമന്ത്രി തന്നെ യോഗത്തില്‍ പങ്കെടുക്കണമായിരുന്നുവെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനും പാര്‍ട്ടികള്‍ തയ്യാറായി.
-
ജോണ്‍ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ
“കേന്ദ്രസര്‍ക്കാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരായാന്‍ വേണ്ടിയായിരുന്നു മീറ്റിംഗ് വിളിച്ചത്. പ്രത്യേകിച്ചൊരു ബ്രീഫിംഗ് ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിക്കുകയും ചെയ്തു. വന്ന് ഇതുപോലുള്ള പ്രധാനപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം നേരിട്ടു വന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. രാജ്നാഥ് സിംഗാണ് രാഷ്ട്രീയ പാര്‍ട്ടികളെ അഭിസംബോധന ചെയ്തത്. അദ്ദേഹത്തിന്റെ ഒരു വാക്ക് ‘ INTENTED OBJECTIVES HAVE BEEN ACIEVED ‘ എന്നുള്ളതാണ് അദ്ദേഹം പറഞ്ഞത്. സ്വാഭാവികമായിട്ടും, ഇന്ത്യയുടെ ഭാഗത്തു നിന്നും കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാകില്ല എന്ന തരത്തിലുള്ള സൂചനകളാണ് അദ്ദേഹം നല്‍കിയത്.
ലോകത്തിന് മുഴുവന്‍ മാതൃകയായ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഒരു തരത്തിലും യുദ്ധം പോലെയുള്ള ഒരു സാഹചര്യം സൃഷ്ടിക്കാന്‍ പാടില്ല എന്നൊരു അഭിപ്രായമാണ് ഞാനടക്കമുള്ളവര്‍ മീറ്റിംഗില്‍ പറഞ്ഞത്. അതേ സമയം, ഈ സംഭവത്തെ മുന്‍നിര്‍ത്തി ഉണ്ടാകുന്ന ഒരുപാട് വാര്‍ത്തകളോട് സര്‍ക്കാര്‍ സര്‍ഗാത്മകമായി പ്രതികരിക്കണമെന്നുള്ള ആവശ്യം വന്നു. അതില്‍ പ്രധാനപ്പെട്ട ഒരു വാര്‍ത്ത എന്നത്, പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും, പ്രത്യേകിച്ച് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്, ഇന്ത്യയുടെ അഞ്ച് ഫൈറ്റര്‍ പ്ലെയിന്‍സ് പാക്കിസ്ഥാന് വെടിവെച്ചു വീഴ്ത്തിയെന്ന വാര്‍ത്തയാണ്. അതിലൊന്ന് റഫാല്‍ ആണെന്നുള്ള വാര്‍ത്തയും പ്രചരിപ്പിക്കുന്നുണ്ട്.
പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ ആ വാര്‍ത്ത വരുന്നുണ്ട്. അതിന്റെ നിജസ്ഥിതി എന്താണെന്നും സത്യാവസ്ഥ എന്താണെന്നുള്ള കാര്യം സര്‍ക്കാര്‍ പറയണമെന്ന അഭിപ്രായവും ഉയര്‍ന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളം വിളിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയരുകയുണ്ടായി. അത് മാത്രമല്ല, ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ട്ടികള്‍ക്കു നല്‍കണം. നമ്മുടെ സേനാ ദളങ്ങളുടെ മനോവീര്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്. ഭീകരതയ്ക്ക് പ്രത്യേകിച്ച് മതവും വിശ്വാസവുമായി ബന്ധമില്ല. ഇന്ത്യയുടെ സമുദായ സൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ള ഏതൊരു ശ്രമത്തെയും അതിശക്തമായിട്ട് നേരിടുമെന്നുള്ള അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു”
രാഷ്ട്രീയ നേതൃത്വങ്ങളുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുമ്പോഴും ചില കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. അതായത്, പഹല്‍ഗാം ആക്രമണത്തിനു ശേഷം ആരും പാര്‍ലമെന്റ് യോഗം വിളിക്കാന്‍ പറഞ്ഞു കേട്ടില്ല. സുരക്ഷാ വീഴ്ചയാണെന്നു പറയാനായിരുന്നു എല്ലാവരും ശ്രമിച്ചത്. രാജ്യത്ത് ഇതിനുമുമ്പും തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. പാര്‍ലമെന്റിലേക്കു വരെ ആക്രമണം നടത്തി. നിരന്തരം തീവ്രവാദികളും അതിര്‍ത്തി രക്ഷാസേനയും തമ്മില്‍ ഏറ്റു മുട്ടലുകള്‍ നടക്കുന്നുണ്ട്.
ഇതിനിടയിലാണ് കശ്മീരിലെ ഭീകരവാദ സംഘടനയുമായി അടുത്തിടപഴകുന്നവരുടെ സഹായത്തോടെ പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത്. അതിലെ വീഴ്ചയും താഴ്ചയും ചര്‍ച്ച ചെയ്യും മുമ്പ്, ഇന്ത്യയുടെ മറുപടി ഭീകരാവാദികളും അവരുടെ രാജ്യവും അര്‍ഹിക്കുന്നുണ്ട്. ആ തിരിച്ചടി നല്‍കുകയായിരുന്നു ആദ്യം. ശേഷം ഒരു പ്രകോപനവും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. എന്നാല്‍, പാക്കിസ്ഥാന് അടി ചോദിച്ചു വാങ്ങുകയായിരുന്നു. അത് തുടരുകയാണ്. ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കുന്നതിനു വേണ്ടിയാണ് രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ചതും.
ആദ്യം തിരിച്ചടി അതിനു ശേഷം ചര്‍ച്ച.
CONTENT HIGH LIGHTS; Operation Sindoor: Special Parliament session should be convened; Terrorism has no connection with religion or belief; John Brittas MP says high-profile comments at the meeting of political parties called by the central government