പഹൽഗാമിലെ കണ്ണീരിന് ഇന്ത്യ നൽകിയ മറുപടിയിൽ പാക്കിസ്ഥാൻ വലയുകയാണ്. ഭീകരരെ പിന്തുണച്ചതിന് അർഹിക്കുന്ന ശിക്ഷയാണ് ഇന്ത്യ നൽകുന്നത്. തിരിച്ചടിക്കാൻ പാക്കിസ്ഥാൻ മുതിർന്നെങ്കിലും ഇന്ത്യൻ സേനയുടെ വീര്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പാക്ക് സേനയ്ക്ക് കഴിയുന്നില്ല. എന്നാൽ നമ്മുടെ അയൽരാജ്യത്തിന് ഇരട്ട പ്രഹരമായി അവിടെ ആഭ്യന്തരകലാപവും നടക്കുന്നുണ്ട്.
രാജ്യത്തിലെ ഏറ്റവും വലിയ പ്രവശ്യകളിലൊന്നായ ബലൂചിസ്താനിലാണ് ആഭ്യന്തരകലാപം രൂക്ഷമായിരിക്കുന്നത്. തലസ്ഥാനമായ ക്വെറ്റ പിടിച്ചടക്കിയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെടുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സൃഷ്ടിയാണ് ബംഗ്ലാദേശ്. ഇനിയൊരു യുദ്ധം കൂടി സംഭവിച്ചാൽ ബലൂചിസ്ഥാൻ എന്നൊരു രാജ്യം കൂടി ആഗോള ഭൂപടത്തിൽ ഉയർന്നു വന്നേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.പാക് വിരുദ്ധത അത്രത്തോളം ബലൂചിസ്താനിലെ ജനങ്ങൾക്കുള്ളിലുണ്ട്.
ഇന്ത്യ പാക്ക് വിഭജനത്തിനുശേഷം, പാകിസ്താനുമായുണ്ടാക്കിയ, സൗഹൃദ ഉടമ്പടിയുടെ ഭാഗമായി, 1948 മാർച്ച് വരെ ബലൂചിസ്ഥാൻ സ്വതന്ത്രമായി നിലകൊള്ളുകയായിരുന്നു. ഇതിനിടെയാണ് ബലൂചിസ്ഥാന്റെ ഭൂരിഭാഗം മേഖലയും നിയന്ത്രിച്ചിരുന്ന ഖാൻ ഓഫ് കലാത്ത് എന്നറിയപ്പെട്ട ഗോത്ര നേതാവിന് ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടേണ്ടി വന്നതതോടെ ഇവിടത്തെ തലവര മാറുകയായിരുന്നു. പാകിസ്താനിൽ ലയിക്കാനുള്ള ഉടമ്പടിയിൽ അധികം വൈകാതെ അദ്ദേഹം ഒപ്പുവച്ചെങ്കിലും ബലൂച് സ്വതന്ത്ര രാഷ്ട്രമാവുകയോ ഇന്ത്യക്കൊപ്പം ചേരുകയോ വേണമെന്നായിരുന്നു അവിടുത്തെ ജനങ്ങളുടെ മനസ്. എന്നാൽ പാകിസ്താനോ? പിടിച്ചുവാങ്ങിയ ഇടമാകട്ടെ പൊന്നുപോലെ കാക്കാനൊന്നും പാക് ഭരണകൂടം തയ്യാറായിരുന്നില്ല. ബംഗ്ലാദേശിനോട് ചെയ്ത അതേ ചിറ്റമ്മനയം ബലൂചിസ്ഥാൻ പ്രവിശ്യയോടും തുടർന്നു. ഔദ്യോഗികമായി 1948 ൽ പാകിസ്താന്റെ ഭാഗമായെങ്കിലും ബലൂചിസ്ഥാനു പ്രവിശ്യാപദവി കിട്ടുന്നത് 1970-ൽ മാത്രമാണ്.
ഭൂമിശാസ്ത്രപരമായി പാകിസ്താനിലെ ഏറ്റവും വലുതും വിഭവസമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ.സിന്ധ് പഞ്ചാബ്, ഖൈബർ പഖ്തുൻഖ്വ എന്നിവയാണ് മറ്റ് മൂന്ന് പ്രവിശ്യകൾ.എണ്ണ, വാതകം, സ്വർണം, കോപ്പർ നിക്ഷേപം വളരെ കൂടുതലാണിവിടെ.എന്നിട്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ഇവിടം ഏറ്റവും കുറവ് വികസന പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലവും. പാകിസ്താനുമായി ചേർന്ന അന്ന് മുതൽ സ്വരചേർച്ചകൾ ഉണ്ടായിരുന്നു. ചെറുതും വലുതുമായ കലാപങ്ങളും,പ്രതിഷേധങ്ങളും ഇവിടെ നടന്നു. ഏത് വിധേനെയും പാകിസ്താനിൽ നിന്ന് സ്വതന്ത്രമാകണമെന്ന ചിന്തയാണ് ബലൂചിസ്താന്. അതിനായി അവർ ഒത്തൊരുമിച്ച് സംഘടനകൾ ഉണ്ടാക്കാൻ തുടങ്ങി. 1958-59, 1962-63, 1973-1977 വർഷങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി.
ഇതിനിടെ ആരംഭിച്ച സംഘടനയാണ് ബലൂച്ച് വിമോചന സേന. സ്വതന്ത്ര ബലൂചിസ്ഥാൻ സ്ഥാപിക്കുക, പാകിസ്താനും ചൈനയും ബലൂച്ച് വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെ ചെറുക്കുക എന്നിവയാണ് അവരുടെ പ്രധാന ലക്ഷ്യങ്ങൾ. ഈ ലക്ഷ്യം നേടുന്നതിനായി പാകിസ്താൻ സുരക്ഷാ സേന, അടിസ്ഥാന സൗകര്യങ്ങൾ, ബലൂചിസ്ഥാനിലെ ചൈനീസ് താൽപ്പര്യങ്ങൾ, പ്രത്യേകിച്ച് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടവ എന്നിവയെ ലക്ഷ്യമിട്ട് ബലൂച്ച് വിമോചന സേന നിരവധി മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്.2000ത്തിന്റെ തുടക്കത്തിൽ ഉദയം കൊണ്ട സംഘടനയെ 2006 ൽ പാകിസ്താൻ നിരോധിച്ചു. ഇതിലെ നേതാക്കളെയെല്ലാം ക്രൂരമായി പീഡിപ്പിച്ചും, കൊന്നുതള്ളിയുമായിരുന്നു പാകിസ്താൻ പ്രതികാരം വീട്ടിയിരുന്നത്. എന്നാൽ യഥാർത്ഥ പോരാട്ടം ആരംഭിക്കാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.ആദ്യം സാധാരണക്കാരാണ് ബലൂച് ലിബറേഷൻ ആർമിയിൽ ആകൃഷ്ടരായിരുന്നതെങ്കിൽ വിദ്യാർത്ഥികളും ഉന്നത ബിരുദം നേടിയവരുമാണ് ഇപ്പോൾ സംഘടനയിൽ അംഗങ്ങളാകുന്നത്. നിലവിൽ സംഘടനയിലെ അംഗത്വം ഏകദേശം 5,000 ആണെന്ന് കണക്കാക്കപ്പെടുന്നു.