ഹൈദരാബാദിൽ 53 ഗ്രാം കൊക്കെയ്നുമായി സ്വകാര്യ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ യുവതി പൊലീസിന്റെ പിടിയിൽ. കൊറിയർ വഴി വന്ന മയക്കുമരുന്ന് സ്വീകരിക്കുന്നതിനിടെയാണ് 34-കാരിയായ നമ്രത ചിഗുരുപതിയെ പൊലീസ് പിടികൂടിയത്.
മയക്കുമരുന്ന് എത്തിച്ചു നൽകാനെത്തിയ വിതരണക്കാരനായ വാൻഷ് ധാക്കറിൻ്റെ സഹായി ബാലകൃഷ്ണനൊപ്പമാണ് ഇവരെ റായദുർഗത്ത് വെച്ച് പൊലീസ് പിടികൂടിയത്.
നമ്രത ചിഗുരുപതി വാട്സ്ആപ്പ് വഴിയാണ് വാൻഷ് ധാക്കറുമായി ബന്ധപ്പെട്ട് കൊക്കെയ്ൻ ഓർഡർ ചെയ്തതെന്നും പണം ഓൺലൈനായി കൈമാറിയെന്നും പൊലീസ് പറഞ്ഞു.
മുംബൈയിലെ വാൻഷിൽ നിന്ന് നമ്രത എന്ന മെഡിക്കൽ പ്രാക്ടീഷണർ മയക്കുമരുന്ന് ഓർഡർ ചെയ്തിരുന്നു, അവർക്ക് പരസ്പരം പരിചയമുണ്ടായിരുന്നു. തുടർന്ന് ബാലകൃഷ്ണൻ എന്നയാൾ മയക്കുമരുന്ന് വിതരണം ചെയ്യാൻ എത്തി, റായദുർഗത്ത് വെച്ച് അവർക്ക് അത് കൈമാറി,- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെങ്കണ്ണ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.
പൊലീസ് ഇവരെ പിന്തുടർന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പ്രസക്തമായ വകുപ്പുകൾ പ്രകാരം നമ്രത ചിഗുരുപതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തതായി വെങ്കണ്ണ കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലിൽ, മയക്കുമരുന്നിനായി ഏകദേശം 70 ലക്ഷം രൂപ മുൻപ് ചെലവഴിച്ചതായി ഇവർ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.