ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു. വിശദാംശങ്ങൾ പങ്കുവെക്കുമെന്നും സൈന്യം വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സൈന്യം ആവശ്യപ്പെട്ടു.
അതേസമയം, സായുദ സേനയുടെ കരുത്ത് കൂട്ടി ഇന്ത്യ. പുതിയ ബ്രമോസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സൈനിക ശക്തി വർധിപ്പിക്കും. പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ പ്രകോപനം തുടര്‍ന്നുവെന്ന് വിദേശകാര്യ സെക്രട്ടറി അല്‍പ്പം മുൻപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാൻ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും സാഹചര്യം മനസ്സിലാക്കണമെന്നുമാണ് ഇന്ത്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
“പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘിച്ചു. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇരുരാജ്യങ്ങളുടെ ഇടയിലെ ധാരണ പാകിസ്ഥാൻ ലംഘിക്കുകയാണ് ചെയ്തത്. ഇതിന് ഇന്ത്യ തക്കതായ മറുപടി നല്‍കുകയാണ്.”- വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പാക് നടപടി അപലപനീയമാണെന്നും പാകിസ്ഥാൻ ഉത്തരവാദിത്വത്തോടെ വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് മണിക്കൂറൂകള്‍ക്കകമാണ് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ഉണ്ടായത്. ശ്രീനഗറില്‍ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തി മേഖലകളിലേക്ക് പാക് ഡ്രോണുകള്‍ എത്തുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.