ലവ് ടുഡേ എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ താരമായി മാറിയ പ്രദീപ് രംഗനാഥന്‍ ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെ വന്‍ താരമൂല്യത്തില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ പ്രദീപിന്റെ അടുത്ത സിനിമയെ കുറിച്ചുളള റിപ്പോര്‍ട്ടുകളും പുറത്തു വരുകയാണ് .
വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനിയാണ് അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന പ്രദീപ് ചിത്രം. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഈ സെപ്റ്റംബര്‍ 18ന് തീയറ്ററുകളില്‍ പ്രണയത്തിന്റെ ഉത്സവം ആഘോഷിക്കാന്‍ വരൂ എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ റിലീസ് വിവരം പുറത്ത് വിട്ടത്.
ഒരു ഫാന്റസി പ്രണയ ചിത്രമായി ഒരുങ്ങുന്ന ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ നയന്‍താരയുടെ റൗഡി പിക്‌ചേഴ്‌സും ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിലെ നേരത്തെ ‘ധീമാ ധീമാ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് കൃതി ഷെട്ടിയാണ്.
അതേസമയം, പ്രദീപിന്റെ പുതിയ സിനിമയായ ഡ്യൂഡിന്റെ റിലീസ് തീയതിയും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബറില്‍ ദീപാവലിയ്ക്കാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അങ്ങനെയെങ്കില്‍ ഒരു മാസത്തെ ഇടവേളയില്‍ രണ്ട് പ്രദീപ് രംഗനാഥന്‍ സിനിമകളാണ് തിയേറ്ററിലെത്താന്‍ ഒരുങ്ങുന്നത്.