ഡൽഹി: ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനും ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മൾ ജാഗ്രത തുടരുകയാണ്. എല്ലാ സേനയും ജാഗ്രതയിലാണ്. ഇത് ചെറിയൊരു വിരാമം മാത്രം. പൂർണമായും പിന്മാറിയെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. അത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല. പ്രകോപനത്തിന് വന്നാൽ തിരിച്ചടിച്ചിരിക്കും എന്ന് പാകിസ്ഥാന് മോദി താക്കീത് നൽകി.
ഭയന്ന പാകിസ്ഥാൻ ലോകം മുഴുവൻ രക്ഷതേടി നടന്നു എന്നും ആണവായുധ ഭീഷണി വേണ്ട, ആ ബ്ലാക്ക് മെയിൽ ഇവിടെ ചെലവാകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാൻ നിവർത്തിയില്ലാതെ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. ഭയന്നപ്പോൾ ലോകം മുഴുവൻ രക്ഷതേടി. എല്ലാം തകർന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവിൽ വെടി നിർത്തലിന് അപേക്ഷിച്ചു. ഇന്ത്യക്ക് യുദ്ധത്തോട് താത്പര്യമില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. തീവ്രവാദത്തോട് സന്ധിയുമില്ല. പാകിസ്ഥാനോട് ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് തീവ്രവാദത്തെ കുറിച്ച് മാത്രമായിരിക്കും. ഇപ്പോള്‍ നൂറിലേറെ ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്. നിലവില്‍ ഇന്ത്യയുടെ നിലപാട് ലോകത്തിനും ബോധ്യപ്പെട്ടു കഴിഞ്ഞു.
ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനകൾക്ക് സല്യൂട്ട് പറഞ്ഞ അദ്ദേഹം പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. പഹൽഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് മോദി കുറ്റപ്പെടുത്തി. അമ്മമാർക്കും, ഭാര്യമാർക്കും ,കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്. മതത്തിൻ്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല. അതിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത് എന്നും വ്യക്തമാക്കി.