ഏറെ വിവാദമായ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ ഒൻപത് പ്രതികൾക്കും മരണംവരെ തടവ്ശിക്ഷ വിധിച്ച് കോയമ്പത്തൂർ മഹിളാ കോടതി. പരാതിക്കാരായ എട്ട് സ്ത്രീകൾക്കായി എൺപത്തിയഞ്ച് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. ബലാത്സംഗം അടക്കം ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.
പൊള്ളാച്ചി സ്വദേശികളായ തിരുനാവുക്കരശ് (25), ശബരിരാജൻ (25), സതീഷ് (28), വസന്തകുമാർ (27), മണിവണ്ണൻ (28), ഹിരൻബാൽ (29), ബാബു (27), അരുളാനന്ദം (34), അരുൺകുമാർ (29) എന്നിവരാണ് കേസിലെ പ്രതികൾ.
തമിഴ്നാട്ടിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതികൾ ഇരുന്നൂറോളം സ്ത്രീകളെയാണ് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയത്. നാൽപ്പത്തിയെട്ട് സാക്ഷികളെ വിസ്തരിച്ച കോടതി 400 ലധികം ഡിജിറ്റൽ രേഖകളും പരിശോധിച്ചിരുന്നു. കേസ് അന്വേഷണത്തിലെ പൊലീസിന്റെ വീഴ്ചയെ തുടർന്ന് സിബിഐയാണ് തുടരന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്.