ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ ഒരുകാലത്ത് ഏറ്റവും അധികം 200 കോടി ക്ലബ് ചിത്രങ്ങള്‍ ഉണ്ടായിരുന്ന നടനാണ്. എന്നാല്‍ സമീപകാലത്ത് പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പരാജയമായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കേസരി ചാപ്റ്റര്‍ 2 വിന്റെ കളക്ഷന്‍ സംബന്ധിച്ചുളള കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം പറയുന്ന ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. പുതുമുഖ സംവിധായകന്‍ കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 18 നാണ് ചിത്രം തീയറ്ററിലെത്തിയത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന്് ലഭിക്കുന്നത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതിനകം നേടിയ ഗ്രോസ് കളക്ഷന്‍ 103.25 കോടിയാണ്. നെറ്റ് 87.4 കോടിയും. 23 ദിവസം കൊണ്ടാണ് ചിത്രം ഇന്ത്യയില്‍ നിന്ന് 100 കോടി ഗ്രോസ് നേടിയത്. വിദേശത്തുനിന്ന് ചിത്രം ഇതിനകം നേടിയത് 32.5 കോടിയാണ്. അതായത് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ ചിത്രം നേടിയിരിക്കുന്നത് 135.75 കോടിയാണ്.
ധര്‍മ്മ പ്രൊഡക്ഷന്‍സ്, ലിയോ മീഡിയ കളക്റ്റീവ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ദി കേസ് ദാസ് ഷൂക്ക് ദി എംപയര്‍ എന്ന പുസ്‌കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. അക്ഷയ് കുമാറിനൊപ്പം ആര്‍ മാധവനും അനന്യ പാണ്ഡേയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.