വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകന് സസ്പെൻഷൻ. സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസിനെയാണ് സസ്പെൻഡ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി. പരാതിയിൽ പരമാവധി നടപടിയെടുക്കും എന്നും ബാർ അസോസിയേഷൻ അറിയിച്ചു.
അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദിച്ചതെന്നാണ് വിവരം.അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി പറയുന്നു.
അഭിഭാഷകനില്‍ നിന്ന് ഇതിന് മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു. മറ്റുള്ള സ്റ്റാഫിനോടും ഈ അഭിഭാഷകൻ അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു. അഭിഭാഷകനെ ഓഫീസിനകത്ത് കയറി അറസ്റ്റ് ചെയ്യാൻ അഭിഭാഷക സംഘടന പൊലീസിനെ അനുവദിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു.