കൊച്ചി: ഇന്ത്യയിലെ അക്കൗണ്ടന്റുമാരില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള താല്പര്യം വളരെ ഉയര്‍ന്ന നിലയിലാണെന്ന് അസോസ്സിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് നടത്തിയ വാര്‍ഷിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ അടക്കം 175 രാജ്യങ്ങളിലായി പതിനായിരം വ്യക്തികളിലായാണ് അസോസ്സിയേഷന്റെ ഗ്ലോബല്‍ ടാലന്റ് ട്രെന്‍ഡ്സ് സര്‍വ്വേ നടത്തിയത്. 63 ശതമാനം പേരും സംരംഭകരായി മാറാനുളള താല്പര്യമാണു പ്രകടിപ്പിച്ചത്. ഹൈബ്രിഡ് പ്രവര്‍ത്തന സൗകര്യങ്ങളിലാണ് 75 ശതമാനം പേര്‍ക്കും താല്പര്യം. 80 ശതമാന പേര് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നിലവിലെ റോളുകള്‍ മാറാന്‍ പദ്ധതിയിടുന്നു, 67 ശതമാനം പേര് നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള അവസരങ്ങള്‍ തേടുന്നു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 85 ശതമാനം പേരും മറ്റൊരു രാജ്യത്തു ജോലി ചെയ്യാനാണ് താല്പര്യം പ്രകടിപ്പിക്കുന്നതെന്ന് അസോസ്സിയേഷന് ഡയറക്ടര്‍-ഇന്ത്യ സജീദ് ഖാന് ചൂണ്ടിക്കാട്ടി. ജോലി സ്ഥലത്തെ സംസ്ക്കാരത്തിന്റെ കാര്യത്തില്‍ പുതിയ രീതികള്‍ ആവിഷ്ക്കരിക്കാന്‍ തൊഴില്ദായകര് നീക്കം നടത്തേണ്ടതിനെ കുറിച്ചു കൂടിയാണിതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ സ്വന്തം ബിസിനസിലേക്കു കടക്കുന്നതിനുള്ള മാര്‍ഗമായാണ് 63 ശതമാനം പേരും അക്കൗണ്ടന്‍സിയെ കാണുന്നതെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിലുള്ളവരുടെ മാനസികാരോഗ്യ സൂചികയുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു പ്രതികരിച്ചവരില്‍ 85 ശതമാനത്തോളം പേര് ആഗോള തൊഴില്‍ മേഖലയിലേക്കു കടക്കാനുള്ള അവസരമായാണിതിനെ കാണുന്നതെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
2025 ലെ ഞങ്ങളുടെ ഡാറ്റ ഒരു തൊഴില്‍ മേഖല പരിവര്‍ത്തനത്തിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു, ഈ വര്‍ഷം ഉയര്‍ന്നുവരുന്ന ആവേശകരമായ വിഷയങ്ങളിലൊന്ന് സംരംഭക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള മികച്ച ആദ്യകാല കരിയര്‍ പാതയായി അക്കൗണ്ടന്‍സി പരിശീലനം എങ്ങനെ മാറുമെന്നതാണെന്ന് ജാമി ലിയോണ്‍ എഫ്സിസിഎ ഗ്ലോബല്‍ ഹെഡ് സ്കില്‍സ്, സെക്ടര്‍സ്, ടെക്നോളജി അസോസ്സിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് പറഞ്ഞു.