അയോദ്ധ്യയ്ക്ക് പുറമെ ശ്രീരാമനെ രാജാവായി വിശ്വസിക്കുന്ന മറ്റൊരു സ്ഥലം കൂടി ഇന്ത്യയിലുണ്ട്, മധ്യപ്രദേശിലെ ഒരു സുന്ദര നഗരം ‘ഓർച്ച’. മലയാളികൾ ഇനിയും കൂടുതലായി എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത ഈ സ്ഥലം, ചരിത്രവും ആർക്കിടെക്ചർ മികവ് കൊണ്ടും നമ്മെ അതിശയിപ്പിക്കുന്ന അപൂർവ നഗരങ്ങളിൽ ഒന്നാണ്.
കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നും വരുന്നവർക്ക് Jhansi Jn റെയിൽവേ സ്റ്റേഷനാണ് ഓർച്ചയിലേക്ക് പോകാൻ അടുത്തുള്ള സ്റ്റേഷൻ. ഓർച്ചയിലേക്ക് പോകാനായി മാത്രം യാത്ര പ്ലാൻ ചെയ്യേണ്ടതില്ല. രണ്ട് ഓപ്ഷൻസ് ഉണ്ട്,
ഒന്ന് കേരളത്തിൽ നിന്ന് വരുന്നവർ ഭോപ്പാൽ എത്തി ഭിംബേട്ക, സാഞ്ചി സന്ദർശിച്ചതിന് ശേഷം ഓർച്ച പ്ലാൻ ചെയ്യുക. ഭോപ്പാൽ നിന്നും Jhansi വരെ ഏകദേശം അഞ്ചു മണിക്കൂർ യാത്രയുണ്ട്. Jhansi റെയിൽവേ സ്റ്റേഷനിൽ നിന്നും ഓർച്ചയിലേക്ക് പന്ത്രണ്ട് കിലോമീറ്റർ ദൂരം. ഷെയർ ഓട്ടോകൾ ലഭ്യമാണ്. ഓർച്ച സന്ദർശിച്ചതിന് ശേഷം Khajuraho, Gwalior കൂടി കണ്ട് തിരിച്ചു നാട്ടിലേക്ക് മടങ്ങാം, അല്ലെങ്കിൽ അവിടെ നിന്നും ആഗ്ര, ഡൽഹി എന്നീ സ്ഥലങ്ങളിലേക്ക് യാത്ര തുടരാം.
രണ്ടാമത്തെ ഓപ്ഷൻ ഡൽഹിയിൽ നിന്ന് വരുന്നർക്കാണ്. Gwalior, Khajuraho പോകാൻ പ്ലാൻ ചെയ്യുന്നവൻ ഓർച്ച കൂടി ലിസ്റ്റിൽ ഉൾപെടുത്താൻ ശ്രമിക്കുക. ചരിത്രവും ആർക്കിടെക്ചർ ഇഷ്ടപ്പെടുന്നവരെയും ഈ സ്ഥലം ഒരിക്കലും നിരാശപ്പെടുത്തില്ല.
ശ്രീരാമനെ ഒരു രാജാവായി ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണ് ഓർച്ചയിലെ രാമരാജ ക്ഷേത്രം. ഐതിഹ്യമനുസരിച്ച്, പതിനാറാം നൂറ്റാണ്ടിൽ രാജ്ഞി ഗണേഷ് കുൻവാരി അയോധ്യയിൽ നിന്ന് ശ്രീരാമന്റെ ഒരു വിഗ്രഹം ഇവിടേക്ക് കൊണ്ടുവന്നു, അത് തന്നെ രാജാവായി ഓർച്ചയിൽ ആരാധിക്കപ്പെടണമെന്ന വ്യവസ്ഥയോട് കൂടിയായിരുന്നു. ഇന്നും മധ്യപ്രദേശ് പോലീസ് എല്ലാ ദിവസവും രാവിലെ ശ്രീരാമന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുന്നു. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത ഒരു ആചാരമാണിത്. പൂർണ്ണ യൂണിഫോം ധരിച്ച്, ഉദ്യോഗസ്ഥർ രാജകീയ പ്രോട്ടോക്കോളോടെ ശ്രീരാമനെ വന്ദിക്കുന്നു.
ഓർച്ചയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇവിടത്തെ കൊട്ടാരങ്ങളുടെ ആർക്കിടെക്ചറാണ്. ആർക്കിടെക്ചർ ഫോട്ടോഗ്രഫിയിലോ ചരിത്ര നിർമ്മിതികളിലോ താല്പര്യമുള്ളവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരിടമാണ് ഇത്. ആദ്യ കാഴ്ചയിൽ നോക്കുമ്പോൾ, പഴയ കൊട്ടാരങ്ങൾ പോലെ തോന്നാം. പക്ഷേ, ശ്രദ്ധയോടെ നോക്കിയാൽ ഓരോ ഭാഗവും ഞെട്ടിക്കുന്ന നിലയിലായാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്.
പണി കഴിപ്പിച്ച ഓരോ കെട്ടിടത്തിലും അതിനുള്ളിലെ കൃത്യത കാണാം, അതിനായി നിങ്ങൾ ഒരു കൊട്ടാരത്തിന്റെ ഏതെങ്കിലും ഒരു കോർണറിൽ പോയി നിന്നു മറ്റൊരു വശത്തേക്ക് നോക്കണം. ഓരോ വശത്തിലും വിഭിന്നമായ മാതൃകകളും അലങ്കാരങ്ങളും, അതിൽ തന്നെ ഒരുപാട് കൃത്യതയുള്ള ഘടനകളും കാണാനാകും. അത് കാണുമ്പോൾ നമുക്ക് മനസ്സിലാകും ഇതൊക്കെ അന്നത്തെ ശില്പകലയുടെ അത്ഭുതങ്ങൾ ആയിരുന്നുവെന്ന്.
പതിനാറാം നൂറ്റാണ്ടിൽ മധുകർ ഷാ രാജാവ് നിർമ്മിച്ച ബുണ്ടേല രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു രാജ മഹൽ. രജപുത്ര, മുഗൾ ശൈലികൾ സംയോജിപ്പിക്കുന്ന വാസ്തുവിദ്യ.
ആഡംബരത്തിനു വേണ്ടി നിർമ്മിച്ച മറ്റ് പല കൊട്ടാരങ്ങളിൽ നിന്നും വ്യത്യസ്തമായി, രാജ മഹൽ സങ്കീർണ്ണമായ ചുവർച്ചിത്രങ്ങൾക്ക് പേരുകേട്ടതാണ്.
ജഹാംഗിർ മഹാൽ ഓർച്ചയിലെ മറ്റൊരു കൊട്ടാരങ്ങളിലൊന്നാണ്. ബുണ്ടേല രാജാവായ ബീർ സിംഗ് ദേവൻ മുഗൾ ചക്രവർത്തിയായ ജഹാംഗീറിനെ സ്വാഗതം ചെയ്യാൻ പണിത കൊട്ടാരമാണിത്. ജഹാംഗീർ കുറച്ച് ദിവസങ്ങൾ മാത്രമേ ഇവിടെ തങ്ങിയിട്ടുള്ളൂ, എന്നാൽ വലിയൊരു അതിഥിസ്നേഹത്തിന്റെ അടയാളമായി ഈ കൊട്ടാരം ഇന്നും നിലകൊള്ളുന്നു.