സ്വാദിഷ്ടമായ നല്ല മത്തങ്ങ എരിശ്ശേരിയുണ്ടാക്കിയാലോ? കൂട്ടിന് പച്ചഏത്തക്കയും ചേനയും ചേർത്തുണ്ടാക്കുന്ന ഈ എരിശ്ശേരി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
വൻപയർ വേവിച്ചത് – 1 കപ്പ്
തേങ്ങാപ്പീര വറുത്തത് – 1 കപ്പ്
തേങ്ങാപ്പീര അരച്ചത് – 1 കപ്പ്
ചേന – 1 കപ്പ് (ചതുരത്തിൽ അരിഞ്ഞു വേവിച്ചത്)
പച്ചക്കായ – 1 എണ്ണം വലുത് (ചതുരത്തിൽ അരിഞ്ഞു വേവിച്ചത്)
മത്തൻ – 1 കപ്പ് (ചതുരത്തിൽ അരിഞ്ഞു വേവിച്ചത്)
മല്ലിപ്പൊടി – 2 സ്പൂൺ
മുളകുപൊടി – 1 സ്പൂൺ
മഞ്ഞൾ – കാൽ സ്പൂൺ
പച്ചമുളക് – 4 എണ്ണം ചതച്ചത്
വെളുത്തുള്ളി – 6 എണ്ണം ചതച്ചത്
കടുക് – 1 സ്പൂൺ
പെരുംജീരകം – 1 സ്പൂൺ
വേപ്പില – ആവശ്യത്തിന്
എണ്ണ, ഉപ്പ് – ആവശ്യത്തിന്
ഉള്ളി – ചതച്ചത് – 10 എണ്ണം
പാകം ചെയ്യുന്ന വിധം
പാനിൽ എണ്ണ ഒഴിച്ച് ചതച്ച ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് മൂപ്പിക്കുക. അതിലേക്ക് മല്ലി, മുളക്, മഞ്ഞൾ എന്നീ പൊടികളും ചേർത്ത് വറക്കുക. അത് നന്നായി മൂത്തുവരുമ്പോൾ അൽപം വെള്ളം ചേർത്ത് തിളപ്പിച്ച ശേഷം വേവിച്ച വൻപയർ, ചേന, പച്ചക്കായ, മത്തൻ എന്നിവ അൽപം ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് അരച്ച തേങ്ങ ചേർത്തിളക്കി തിള വരുമ്പോൾ വാങ്ങിവയ്ക്കുക. മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് കടുക്, ജീരകം എന്നിവ പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയിട്ട് നല്ലവണ്ണം മൂപ്പിക്കുക. ഇത് കറിയിലേക്ക് ഒഴിക്കുക. അതോടൊപ്പം വറുത്ത തേങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. രുചികരമായ മത്തങ എരിശ്ശേരി തയാർ.