കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയെ ചുറ്റിപറ്റിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചകൾ പോകുന്നത്. ആൽബം റീൽസുകളിലൂടെ അഭിനയ ലോകത്ത് സജീവമായ രേണുവിനെ പ്രശംസിച്ചും വിമർശിച്ചുമാണ് ആ ചർച്ചകൾ മുന്നോട്ട് പോകുന്നത്.
പലപ്പോഴും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കാറുമുണ്ട് രേണു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ രേണുവിന്റെ അഭിമുഖവും വൈറലായി മാറിയിരുന്നു. അവതാരകയുടെ ധാർഷട്യവും പക്വതയോടെയുള്ള രേണുവിന്റെ മറുപടിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ രേണുവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സെലിബ്രിറ്റികൾ അടക്കം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നെഗറ്റീവ് കളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ചു മരിച്ചുപോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്.
ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു മലയാളി സമൂഹത്തിൻ്റെ ഏറ്റവും വലിയ ചൊറിച്ചിൽ. നിങ്ങൾ സങ്കൽപിക്കുന്ന തരം ‘കല’യോ ‘സൗന്ദര്യ’മോ തനിക്കുണ്ടെന്നവർ അവകാശപ്പെടുന്നില്ല. ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം എന്നവർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീയാവുക എന്നത് വലിയ കുറ്റമാണ്. തനിച്ചായ സ്ത്രീയാവുക അതിലും വലിയ കുറ്റമാണ്. തൻ്റേടിയും അഭിമാനിയും ഏകാകിയും ആയ സ്ത്രീയാവുക എന്നതാണ് ഏറ്റവും വലിയ കുറ്റം എന്ന അജീത് കൗറിൻ്റെ വാക്കുകൾ ഓർത്തു പോകുന്നു.
എസ്. ശാരദക്കുട്ടി
content highlight: Renu Sudhy