ശ്രീനഗർ: ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിൽ 6 ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രണ്ട് ഓപ്പറേഷനുകളിലായാണ് ആറ് ഭീകരരെ വധിച്ചത്. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയത്.
മൂന്നു സേനകളും സംയുക്തമായാണ് ഓപ്പറേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. കെല്ലെർ, ഷോപിയാൻ, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.‘‘കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സേനകൾ രണ്ട് വിജയകരമായ ഓപ്പറേഷനുകൾ നടത്തി. അതിൽ കാര്യമായ നേട്ടം കൈവരിക്കാനായി. ഷോപിയാൻ, ത്രാൽ, കെല്ലർ മേഖലകളിലാണ് ഈ രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ആറ് ഭീകരരെ വധിച്ചു. കശ്മീർ താഴ്‌വരയിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണ്’’– കശ്മീർ പൊലീസ് ഐജി വി.കെ.ബിർഡി പറഞ്ഞു.
‘‘കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ജർമൻ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ട്’’– മേജർ ജനറൽ ധനഞ്ജയ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇതിനുശേഷമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. ഇതിനു പിന്നാലെ കശ്മീരിൽ ഭീകര്‍ക്കെതിരെ സേനകൾ പോരാട്ടം ശക്തമാക്കിയിരുന്നു.