ജാപ്പനീസ് ഓട്ടോ ഭീമനായ നിസാൻ മോട്ടോർ കമ്പനി ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 4.74 ബില്യൺ മുതൽ 5.08 ബില്യൺ ഡോളർ വരെ റെക്കോർഡ് നഷ്ടമുണ്ടാകുമെന്നാണ് കമ്പനി ഓഹരി ഉടമകൾക്ക് നൽകിയ മുന്നറിയിപ്പ്. പ്രതിസന്ധി മറികടക്കുന്നതിനായി കൂട്ട പിരിച്ച് വിടലിന് മുതിരുകയാണ് നിസ്സാൻ. 20,000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് മൊത്തം ജീവനക്കാരിൽ 15 ശതമാനം വരും.
കഴിഞ്ഞ നവംബറിൽ നിസാൻ 9,000 ജീവനക്കാരെ പിരിച്ചുവിടുകയും ആഗോളതലത്തിൽ ഉൽപ്പാദന ശേഷിയിൽ 20 ശതമാനം കുറവ് വരുത്തുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഇപ്പോൾ കമ്പനി 11,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ്. റോയിട്ടേഴ്സ് പറയുന്നതനുസരിച്ച്, കമ്പനിയുടെ ദുർബലമായ പ്രകടനമാണ് ഈ നീക്കത്തിന് കാരണം, പ്രത്യേകിച്ച് യുഎസ്, ചൈന തുടങ്ങിയ പ്രധാന വിപണികളിലെ വിൽപ്പനയിൽ കുത്തനെയുള്ള ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ നിസാന്റെ അറ്റാദായം 94 ശതമാനം കുറഞ്ഞു.
അമേരിക്കയിലും ചൈനയിലും വിൽപ്പന ദുർബലമായത് നിസ്സാന് വലിയ നഷ്ടമുണ്ടാക്കി, തുടർന്ന് ഹോണ്ട ( എച്ച്എംസി ) യുമായുള്ള ലയന ചർച്ചകൾ പരാജയപ്പെട്ടു, അടുത്തിടെ അതിന്റെ ചീഫ് എക്സിക്യൂട്ടീവിനെ മാറ്റാൻ നിർബന്ധിതരായി . എതിരാളികളെപ്പോലെ, യുഎസ് താരിഫുകളും തെക്കുകിഴക്കൻ ഏഷ്യയിലെയും മറ്റിടങ്ങളിലെയും വിപണികളിൽ അതിവേഗം വളരുന്ന ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഭീഷണിയും നിസ്സാന് നേരിടുന്നു.