എന്തൊക്കെയായിരുന്നു… മലപ്പുറം കത്തി, അമ്പും വില്ലും, മെഷീന്‍ഗണ്‍…..ഒടുവില്‍ പവനായി ശവമായി…എന്നു പറയുന്നതു പോലെയായി കാര്യങ്ങള്‍. അര്‍ജന്റീനയില്‍ നിന്നും ലയണല്‍ മെസ്സി എന്ന ഫുട്‌ബോളിന്റെ മിശിഹ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തുമെന്ന് വീമ്പടിച്ച് നടന്നവരൊക്കെ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടിരിക്കുന്നുണ്ടാവും. എന്തായിരുന്നു ഹൈപ്പ്. അര്‍ജന്‍രീനയില്‍ പോകുന്നു, മെസ്സിയെ കാണുന്നു, ടീ ഷര്‍ട്ടില്‍ ഒപ്പിടീക്കുന്നു, കരാര്‍ ഒപ്പിടുന്നു. എന്നിട്ട് അതെല്ലാം കൂടി മാധ്യമങ്ങളെ വിളിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രസ്താവിക്കുന്നു. അതുകേട്ട് പുളം കൊണ്ടവരും കുളിരു കോരിയവരും സ്വപ്‌നം കണ്ടിരുന്നവരുമെല്ലാം ഇടിത്തീ വീഴുന്നപോലെയാണ് സത്യം മനസ്സിലാക്കിയത്. മെസ്സി വരില്ല. സ്‌പോണ്‍സര്‍ ചതിച്ചു.
ഇതാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇതിത്തീ പോലെ വീണത്. സ്‌പോര്‍ട്‌സ് മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസില്‍ മെസ്സിയുടെ ജേഴ്‌സി ഒരു സ്മാരകമായി തൂങ്ങിക്കിടക്കുന്നുണ്ട്. മുഖ്യമന്ത്രി കേരളത്തിന്റെ ഒരു അഭിമാന പദ്ധതിയെന്ന പോലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും സ്മാരകമാകും. എന്നാല്‍, അര്‍ജന്റീനയുടെ കളി നടക്കും. ആ കളിയില്‍ മെസ്സി ഇറങ്ങുകയും ചെയ്യും. പക്ഷെ, കളിക്കുന്നതും കളി നടക്കുന്നതും ഇവിടെ അല്ലെന്നു മാത്രം. ചൈനയുമായിട്ടാണ് കളിക്കുന്നത്. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) പണം അടച്ചിട്ടില്ല. ഇതോടെ നിയമനടപടി ആരംഭിക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സ്പോണ്‍സര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഒക്ടോബറില്‍ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി അടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ടിവൈസി സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ചൈനയിലാണ് ടീം സൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്. ഒരു മത്സരം ചൈനയ്‌ക്കെതിരേയും രണ്ടാമത്തേത് ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ എന്നിവയില്‍ ഒരു ടീമുമായും കളിക്കും. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍. നവംബറിലും അര്‍ജന്റീന രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും.
അര്‍ജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞവര്‍ഷം നവംബറിലാണ് മന്ത്രി വി. അബ്ദുറഹ്മാന്‍ അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്‌പോണ്‍സര്‍മാരായ എച്ച്.എസ്.ബി.സി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എച്ച്.എസ്.ബി.സിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍. മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കുമെന്നാണ് എച്ച്.എസ്.ബി.സി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ജന്റീന കേരളത്തില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.
കേരളത്തിലെത്താമെന്ന് അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള കായികമന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ അറിയിച്ചതായും പറഞ്ഞിരുന്നു. വലിയതുക ചെലവ് വരുന്ന മത്സരം നടത്താന്‍ കായികവകുപ്പ് ശ്രമംതുടങ്ങിതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയെന്നുമാണ് മന്ത്രിയും സംഘവും പറഞ്ഞിരുന്നത്. മത്സര നടത്തിപ്പിനായി ഭീമമായ തുക ആവശ്യം വരുമെന്നും നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്നുമാണ് അറിയിച്ചിരുന്നത്. സ്പോണ്‍സര്‍ വഴിയാകും ഈ തുക കണ്ടെത്തുകയെന്നും സ്‌പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ തന്നെ നേരിട്ട് വ്യക്തമാക്കിയിരുന്നു. സ്‌പെയിനില്‍ എത്തി അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി എന്നാണ് മന്ത്രി മുമ്പ് പറഞ്ഞത്. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
- മന്ത്രി അബ്ദുറഹിമാന്റെ വാക്കുകള്‍ ഇങ്ങനെ
“അര്‍ജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങള്‍ സ്‌പെയിനിലേക്കു പോയിരുന്നു. സ്‌പെയിനില്‍ വച്ച് ചര്‍ച്ച നടത്തി. 2025ല്‍ ഇന്ത്യയില്‍ അര്‍ജന്റീനയുടെ സൗഹൃദമത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേര്‍ന്ന് മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക”
യുവാക്കളെ, പ്രത്യേകിച്ച് വടക്കന്‍ കേരളത്തിലെ യുവാക്കളെ കൈയ്യിലെടുക്കാനുള്ള തന്ത്രപരമായ നീക്കം കൂടിയായിട്ടാണ് അബ്ദുറഹിമാന്‍ മന്ത്രി മെസ്സിയെ ഇറക്കി കളിക്കാന്‍ തീരുമാനിച്ചതു പോലും. എന്നാല്‍, ആ കളി, മെസ്സിയും അര്‍ജന്റീനയും തകര്‍ത്തിരിക്കുകയാണ്. മെസ്സി കളിക്കാമെന്നേറ്റതും, വരുന്നതും ഫുട്‌ബോള്‍ കളിക്കാനാണെങ്കിലും, മന്ത്രിയും സര്‍ക്കാരും തന്ത്രം മെനഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അതുകൊണ്ടാകാം പദ്ധതി പൂര്‍ണ്ണതയില്‍ എത്താതെ പോയതും. മെസ്സി കൈയ്യൊപ്പിട്ട ടീ ഷര്‍ട്ട് അടുത്തിടെ നടന്‍ മോഹന്‍ലാലിന് ഒരു ആരാധകന്‍ സമ്മാനിച്ചിരുന്നു. മെസ്സി ഒപ്പിടുന്നതിന്റെ വീഡിയോയും മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.
ഇങ്ങനെയൊക്കെ മാത്രമേ നമുക്കും മെസ്സിയെ കാണാനും കേള്‍ക്കാനും പറ്റൂ എന്ന് തെളിഞ്ഞിരിക്കുകയാണ്. വെറും വാക്കുകള്‍ കേട്ട് മോഹിച്ചുപോയ മലയാളികളാണ് കേരളത്തിലുള്ളത്. മാത്രമല്ല, മലയാളികളെ എന്തു പറഞ്ഞും പറ്റിക്കാം എന്നകാര്യവും തെളിഞ്ഞു. കാരണം, കഴിഞ്ഞ വര്‍ഷം പ്രഖ്യാപിട്ടതാണ് മെസ്സിയുടെ വരവും ഫുട്‌ബോള്‍ കളിയും. ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിടാന്‍ കഴിയാത്തത് സ്‌പോണ്‍സര്‍മാരുടെ മാത്രം കുഴപ്പമണോ. സര്‍ക്കാരിന് അഇതില്‍ പങ്കില്ലേ. സര്‍ക്കാരാണ് ജനങ്ങളോട് മെസ്സി വരുമെന്ന ഉറപ്പു നല്‍കിയത്. സര്‍ക്കാര്‍ തന്നെയാണ് അതിന് ഉത്തരവാദിയും. എന്തായാലും ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പറഞ്ഞു പറ്റിച്ചതിന് സ്‌പോര്‍ട് മന്ത്രിക്കും, സര്‍ക്കാരിനും മറുപടിയുണ്ടോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.
CONTENT HIGH LIGHTS; Sponsor cheated!! Messi won’t come?: Argentine Football Association prepares for legal action; Notice sent to sponsor; Sarkan’s move, which was praised for its heroism, also backfired