പ്രമേഹം പകര്‍ച്ചവ്യാധിപോലെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതശൈലി അനുസരിച്ച് പ്രമേഹം കൂടിവരികയാണ്. ഏറ്റവും അധികം ആളുകളെ ബാധിക്കുന്നു എന്ന് കരുതുന്ന പ്രമേഹം തുടക്കത്തിലെ ലക്ഷണങ്ങളെല്ലാം അവഗണിച്ച് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് പലരും അറിയുന്നത് തന്നെ. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ പതുക്കെപ്പതുക്കെ പ്രത്യക്ഷപ്പെടുന്നവയാണ്. എന്തൊക്കെയാണ് ഭാവിയില്‍ പ്രമേഹം വരും എന്ന് സൂചിപ്പിക്കുന്ന ആ ലക്ഷണങ്ങളെന്ന് നോക്കാം.
എപ്പോഴും ക്ഷീണം തോന്നുന്നത് പ്രമേഹത്തിന്റെ സാധാരണമായ ലക്ഷണമാണ്. ശരീരത്തിന്റെ ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് നിങ്ങളെ ക്ഷീണിതനാക്കും.
മുറിവുകളും ചതവുകളും ഉണങ്ങാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കാറുണ്ടോ? രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തചംക്രമണത്തെ തടസപ്പെടുത്തുകയും നാഡികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. മുറിവുകള്‍ ഉണക്കാനും അണുബാധകള്‍ക്കെതിരെ പോരാടാനുമുള്ള ശരീരത്തിന്റെ കഴിവ് മന്ദഗതിയിലാകും. ഇത് ചെറിയ പരിക്കുകള്‍ പോലും കൂടുതല്‍ ഗുരുതരമാക്കാനിടയുണ്ട്.
വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മം പ്രമേഹത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ ചര്‍മ്മം വരണ്ടതും ചൊറിച്ചിലുള്ളതുമാക്കപ്പെടാന്‍ കാരണമാകും. രക്തചംക്രമണം മോശമായാല്‍ ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഇത് വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകാം.
എത്ര വെളളം കുടിച്ചാലും പിന്നെയും ദാഹം തോന്നാറുണ്ടോ? ഇടയ്ക്കിടെ മൂത്രമൊഴിക്കുമ്പോഴുള്ള നിര്‍ജലീകരണം കൊണ്ടാവാം അത്. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതല്‍ നഷ്ടപ്പെടുമ്പോള്‍ അത് തലച്ചോറിലേക്ക് കൂടുതല്‍ വെള്ളം കുടിക്കാനുള്ള സംവേദനം നല്‍കുന്നു. ഇത് അമിത ദാഹത്തിലേക്ക് നയിക്കുന്നു. ‘പോളിഡിപ്ലിയ’ എന്ന ഈ അവസ്ഥ പലപ്പോഴും രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നു.
കൈകാലുകളില്‍ അനുഭവപ്പെടുന്ന ഇക്കിളി, അല്ലെങ്കില്‍ മരവിപ്പ് പ്രമേഹ ന്യൂറോപ്പതിയുടെ ലക്ഷണമാകാം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നാല്‍ ഉണ്ടാകുന്ന ഒരുതരം നാഡീക്ഷതമാണിത്.
നിങ്ങള്‍ പതിവിലും കൂടുതല്‍ തവണ മൂത്രമൊഴിക്കാനായി ബാത്ത്‌റൂമില്‍ പോകാറുണ്ടോ? എന്നാലത് നിങ്ങളുടെ രക്തത്തില്‍ നിന്ന് അധിക പഞ്ചസാര ഫില്‍റ്റര്‍ ചെയ്യാന്‍ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാകാം. ‘പോളിയൂറിയ’ എന്ന ഈ അവസ്ഥ പ്രമേഹത്തിന്റെ ഒരു സാധാരണ മുന്‍കൂര്‍ സൂചനയാണ്. കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുന്നതിലൂടെ വൃക്കകള്‍ അധിക ഗ്ലൂക്കോസ് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ കണ്ണുകളുടെ ലെന്‍സുകള്‍ വീര്‍ക്കാന്‍ കാരണമാകുന്നു. ഇത് കാഴ്ച മങ്ങലിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് ഈ അവസ്ഥ വന്നും പോയും ഇരിക്കാം. ഭാവിയില്‍ പ്രമേഹ റെറ്റിനോപ്പതി ഉള്‍പ്പടെയുളള ഗുരുതരമായ നേത്ര സങ്കീര്‍ണതകള്‍ക്ക് ഇത് കാരണമാകും.