മലമുകളിൽ നിന്നു കുതിച്ചിറങ്ങി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളെ സ്നേഹിക്കാത്തവരായി ആരും കാണില്ല. ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. നമ്മുടെ നാട്ടിലെ അതിരപ്പള്ളിയും മരോട്ടിച്ചാലും അരുവിക്കുഴിയും ഒക്കെ കൂത്തിയൊലിക്കുന്നത് നമ്മുടെ മനസ്സിലേക്ക് തന്നെയാണ്.
അത്രത്തോളം സൗന്ദര്യവും അതിലധികം കാഴ്ചകളുമായി നിൽക്കുന്ന മറ്റൊരു വെള്ളച്ചാട്ടമുണ്ട്. മധ്യ പ്രദേശിലെ ജബൽപൂരിലെ ദുവാന്ദർ വെള്ളച്ചാട്ടം. കാടുകളിലൂടെ കയറിയിറങ്ങി മനസ്സിനയും ശരീരത്തെയും ഒരുപോലെ കുളിർപ്പിക്കുന്ന ദുവാന്ദർ വെള്ളച്ചാട്ടത്തെക്കുറിച്ച് കൂടുതൽ അറിയാം.
മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും 30 കിലോമീറ്റർ അകലെ ബേദാഘട്ട് എന്ന സ്ഥലത്താണ് ദുവാന്ദർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ദുവാൻ എന്നാൽ പുക എന്നാണ് അർഥം. പാറക്കല്ലുകളിൽ തട്ടി ജലം അതിവേഗത്തിൽ താഴേക്ക് പതിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന മൂടല്മഞ്ഞുപോലെയുള്ള പുകപടലമാണ് ദുവാന്ദർ വെള്ളച്ചാട്ടത്തിനു ആ പേര് സമ്മാനിച്ചത്. പുകഞ്ഞ വെള്ളച്ചാട്ടം എന്നാണ് ദുവാന്ദർ വെള്ളച്ചാട്ടം അറിയപ്പെടുന്നത്.
ഇന്ത്യയിലെ അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ പ്രത്യേക സ്ഥാനമുണ്ട് ദുവാന്ദറിന്. 98 അടി മുകളിൽ നിന്നാണ് ഇവിടെ ജലം താഴേയ്ക്കു പതിക്കുന്നത്. പച്ചയണിഞ്ഞു നിൽക്കുന്ന വനമധ്യത്തിലൂടെയാണ് കുളിരു പകരുന്ന ജലം ഒഴുകി വരുന്നത്. വൻവൃക്ഷങ്ങളും കുറ്റിച്ചെടികളും അതിനു നടുവിലൂടെ ഒഴുകി വരുന്ന ജലപാതയും ഏതൊരു സഞ്ചാരിയുടെയും ഉള്ളം നിറയ്ക്കും.
ഇന്ത്യയിലെ അതിവിശുദ്ധമെന്നു കരുതപ്പെടുന്ന അഞ്ചുനദികളിൽ ഒന്നായ നർമദ നദിയിൽ നിന്നാണ് ദുവാന്ദറിന്റെ ഉദ്ഭവം. അതുകൊണ്ടു തന്നെ ഈ വെള്ളച്ചാട്ടത്തിൽ മുങ്ങി നിവർന്നാൽ സകല പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നൊരു വിശ്വാസവും ഇവിടവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നുണ്ട്.
മനോഹരമായ വ്യൂ പോയിന്റുകളും സുന്ദരമായ പ്രകൃതിദൃശ്യങ്ങളും മാത്രമല്ലാതെ ഷോപ്പിംഗിനുള്ള സൗകര്യങ്ങളും ഈ വെള്ളച്ചാട്ടത്തിനു സമീപത്തായുണ്ട്.