കൊച്ചി : ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സംഭാവനകളെ ആദരിക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025, നാലാം പതിപ്പിന്റെ ഫൈനലിസ്റ്റുകളെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ പ്രഖ്യാപിച്ചു. വിദഗ്ദ്ധ ജൂറി, ഗ്രാന്‍ഡ് ജൂറി പാനല്‍ അംഗങ്ങളുടെ നേതൃത്വത്തിലുള്ള കര്‍ശനമായ വിലയിരുത്തല്‍ പ്രക്രിയയിലൂടെയാണ് 199 രാജ്യങ്ങളിലെ നഴ്സുമാരില്‍ നിന്നെത്തിയ ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനുകളില്‍ നിന്നും 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഈ മുഴുവന്‍ പ്രക്രിയയും നിയുക്ത പ്രോസസ്സ് അഡൈ്വസറായ ‘ഏണ്‍സ്റ്റ് ആന്റ് യംഗ് എല്‍എല്‍പിയാണ് നിയന്ത്രിച്ചത്.
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025, ലഭിച്ച ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 മികച്ച ഫൈനലിസ്റ്റുകളും അവരുടെ നഴ്സിങ്ങ് രംഗത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, കമ്മ്യൂണിറ്റി സേവനങ്ങള്‍ എന്നിവയില്‍ അതുല്ല്യമായ സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച് ഈ രംഗത്തിന് മികച്ച സംഭാവനകള്‍ നല്കിയവരാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഇവരുടെ അസാധാരണമായ സംഭാവനകള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ലോകമെമ്പാടും ജീവന് രക്ഷിക്കാനും, ആരോഗ്യം പരിരക്ഷിക്കാനുമായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന നഴ്സിങ്ങ് സമുൂഹത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വേദിയായി ഈ അവാര്‍ഡ് മാറിയിരിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
ജേതാവിനെ തിരഞ്ഞെടുക്കുന്ന അന്തിമ ഘട്ടത്തില്‍ പൊതു വോട്ടിംഗും, ഗ്രാന്‍ഡ് ജൂറിയിലെ വിശിഷ്ട അംഗങ്ങളുമായി അഭിമുഖങ്ങളും സംഘടിപ്പിക്കും. യുഎഇയില്‍ 2025 മെയ് 26ന് സംഘടിപ്പിക്കപ്പെടുന്ന ഗാല ഇവന്റില്‍ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും. കാതറിന്, എടിത്ത് നമ്പ, ഫിറ്റസ് ജെറാള്‍ഡ് ഡാലിനാ കാമാച്ചോ, ജെഡ് റെയ് ജെന്ഗോബാ, ജോസ് അര്‍നോള്‍ഡ് താരിഗ, ഖദീജ മുഹമ്മദ് ജുമ, മഹേശ്വരി ജഗനാഥന്, നവോമി ഒയ് ഒഹിന്‍, സുഖ്പാല്‍ കൗര്‍, വിഭാബെന് ഗുന്‍വന്ത് ഭായ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട 10 ഫൈനലിസ്റ്റുകള്‍.