കോമഡി വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമ ലോകത്ത് എത്തി ചേർന്ന താരമാണ് കോട്ടയം നസീർ. കോട്ടയത്ത് കറുകച്ചാൽ എന്ന സ്ഥലത്ത് നിന്ന് സിനിമ മോഹവുമായി വണ്ടി കയറിയ നടൻ ഇന്ന് മലയാള സിനിമ ലോകത്ത് ഏത് വേഷവും കൈകാര്യം ചെയ്യുന്ന മികച്ച നടന്മാരിൽ ഒരാളാണ്. അഭിനയത്തോടൊപ്പം പടം വരയും താരത്തിന്റെ ഹോബി ആണ്. മുൻപും ചിത്രങ്ങൾ വരച്ച് താരം വൈറൽ ആയിരുന്നു. ഇപ്പോഴിതാ താൻ വരച്ച ചിത്രങ്ങളുടെ സമാഹാരമായ ‘ആർട്ട് ഓഫ് മൈ ഹാർട്ട്’ എന്ന പുസ്തകം നടൻ രജനികാന്തിന് കൈമാറിയ വിശേഷമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
‘ജയിലർ 2’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് നസീർ പുസ്തകം കൈമാറിയത്. ഇത് സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാനായില്ലെന്ന് അദ്ദേഹം കുറിച്ചു. ഇവിടെവരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നന്ദിയുണ്ടെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം നസീറിൻ്റെ കുറിപ്പ്:
“ഒരു കഥ സൊല്ലട്ടുമാ……. വർഷങ്ങൾക്ക് മുൻപ്… കറുകച്ചാലിലെ ഓല മേഞ്ഞ മോഡേൺ സിനിമ ടാക്കീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ.. എത്രയോ ചുവരുകളിൽ ഈ സ്റ്റൈൽ മന്നന്റെ”എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ… സ്റ്റൈലുകൾ അനുകരിച്ചു….
ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ ART OF MY HEART എന്ന ബുക്ക് ‘ജയിലർ 2’വിന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ… ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോൾ….സ്വപ്നമാണോ…. ജീവിതമാണോ… എന്നൊരു എത്തും പിടിയും കിട്ടിയില്ല…
മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു… ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും ‘പടച്ചവന്റെ തിരക്കഥ’അത് വല്ലാത്ത ഒരു തിരക്കഥയാ.”
Content highlight: Kottayam Nazeer