ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ വെട്ടിനുറുക്കി ഭർത്താവ്. യുപിയിലെ ശ്രാവഷ്ടിയിൽ ആണ് കൊടും ക്രൂരത നടന്നത്. സംഭവത്തിൽ ഭർത്താവ് സൈഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സബീനയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിക്കാറുണ്ടെന്നാണ് സബീനയുടെ കുടുംബം പറയുന്നത്.
സബീനയുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ സമീപത്തെ കനാലിൽനിന്നു കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്. കൊലപാതകത്തിനു ശേഷം മൃതദേഹഭാഗങ്ങൾ 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിയുകയും ചെയ്തു. മേയ് 14 ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതിയായ സൈഫുദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
സബീനയുടെ സഹോദരൻ സലാഹുദ്ദീൻ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാതായതോടെ പൊലീസീൽ പരാതി നൽകുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതോടെ കനാലിൽ കണ്ടെത്തിയത് അടക്കമുള്ള ശരീരഭാഗങ്ങൾ സബീനയുടേതാണെന്നും താൻ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നും പ്രതി സമ്മതിക്കുകയായിരുന്നു. സബീനയുടെ കൈ അറുത്തെടുത്ത നിലയിൽ പ്രദേശത്തെ പൂന്തോട്ടത്തിൽനിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.