ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ യൂണിറ്റുകൾ വിറ്റ രണ്ടാമത്തെ കമ്പനിയാണ് കണക്കുകൾ പ്രകാരം മഹീന്ദ്ര. കമ്പനിയുടെ എല്ലാ മോഡൽ വാഹനങ്ങൾക്കു വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഈ സന്തോഷം അപ്പാടെ തകർത്ത ഒരു മോഡൽ കൂടി മഹീന്ദ്രയ്ക്കുണ്ട്.
ഒരു മാസം മഹീന്ദ്രയുടെ ഒരു മോഡലിന്റെ വെറും ആറ് മോഡലുകളാണ് വിറ്റഴിക്കപ്പെട്ടതെന്ന് നിങ്ങളോട് പറഞ്ഞാൽ, നിങ്ങളത് വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിച്ചേ പറ്റൂ! എംപിവി മോഡല്‍ ആയ മറാസോയാണ് വിൽപ്പനയിൽ രണ്ടക്കം കടക്കാത്ത മഹീന്ദ്രയുടെ മോഡൽ. 2024 ഏപ്രില്‍ മാസത്തില്‍ കാറിൻ്റെ 20 യൂണിറ്റുകള്‍ വിറ്റ്പോയിരുന്നു. ഇവിടെ നിന്നാണ് ആറെന്ന സംഖ്യയിലേക്ക് വിൽപ്പന കൂപ്പുകുത്തിയത്. ഈ വർഷം ഇതുവരെ കാറിൻ്റെ 33 യുണിറ്റുകളാണ് വിറ്റുപോയത്. ജനുവരിയിൽ ഒരു കാർ പോലും വിറ്റഴിക്കപ്പെട്ടിരുന്നുമില്ല.
1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര മറാസോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 120.96 bhp പവറും 300 Nm ടോർക്കും നൽകുന്നു. ഈ എംപിവിയ്ക്ക് 18 മുതൽ 22 കിലോമീറ്റർ / ലിറ്റർ വരെ മൈലേജ് നേടാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ശ്രദ്ധേയമായ സവിശേഷതകൾ ഉണ്ടായിരുന്നിട്ടും, വാഹനത്തിന്റെ വിപണി പ്രകടനം ഇപ്പോഴും മോശമാണ് എന്നത് മഹീന്ദ്രയെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്നതാണ്. 2018 ൽ അവതരിപ്പിച്ച മറാസോ, മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ തുടങ്ങിയ എതിരാളികളിൽ നിന്നണ് കടുത്ത മത്സരം നേരിടുന്നത്.
content highlight: Mahindra