മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമർശിച്ച് ജി. സുധാകരൻ. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ ഒരു മാസം എടുത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയതായും ജി. സുധാകരൻ പറഞ്ഞു. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കുന്ന പ്രസംഗതന്ത്രമാണ് താൻ ഉപയോഗിച്ചത്. പൊലീസ് തന്നെ അറസ്റ്റ് ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണെന്നും മുൻകൂർ ജാമ്യ അപേക്ഷ എടുക്കില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.
ജാമ്യമില്ല വകുപ്പ് ചുമത്തിയതിനു ശേഷം ആദ്യമായാണ് ജി. സുധാകരൻ പ്രതികരിക്കുന്നത്. പൊലീസ് തിടുക്കത്തിൽ കേസെടുത്തതിനെ ജി. സുധാകരൻ വിമർശിച്ചു. കേസെടുത്ത പൊലീസാണ് പുലിവാൽ പിടിച്ചത്. താൻ ഒരു മുൻകൂർ ജാമ്യത്തിനും പോകുന്നില്ലെന്നും പൊലീസ് അറസ്റ്റ് ചെയ്യട്ടെ, ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ പക്കൽ എന്ത് തെളിവാണ് ഉള്ളത് എന്നും അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു നേതാവും തന്നെ വിളിച്ചില്ലെന്നും താനും ആരെയും വിളിച്ചില്ലെന്നും ജി. സുധാകരൻ പറഞ്ഞു.
തന്നെ പരിഹസിച്ച് എഫ്ബി പോസ്റ്റ് ചെയ്ത എംഎൽഎ എച്ച്. സലാമിന്റെത് ഏത് പ്രത്യയശാസ്ത്രമാണെന്ന് പരിശോധിക്കണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.താൻ തിരുത്തി പറഞ്ഞ പ്രസംഗം പാർട്ടി അംഗീകരിച്ചുവെന്നും ഇതുകൊണ്ട് പാർട്ടിക്ക് ദോഷം ഉണ്ടാവുകയില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം തെളിവ് ലഭിച്ചശേഷം ജി സുധാകരന്റെ മൊഴിയെടുത്താൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.