ബോളിവുഡിലെ ഇതിഹാസ അഭിനേതാക്കളുടെ പട്ടികയിലാണ് ഹേമമാലിനിയുടെ സ്ഥാനം. 1960 കളില്‍ തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ഹേമമാലിനി അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. ബോളിവുഡിലെ താരരാജാക്കന്‍മാരുടേയെല്ലാം നായികകായി ഹേമമാലിനി തിളങ്ങിയിരുന്നു. സൂപ്പര്‍താരം ധര്‍മേന്ദ്രയെ ആണ് ഹേമമാലിനി വിവാഹം ചെയ്തത്.
ഇപ്പോഴും ഹേമമാലിനിയുടെ സൗന്ദര്യമാണ് പലരും ബെഞ്ച് മാര്‍ക്കായി അടയാളപ്പെടുത്തുന്നത്. 76 കാരിയാണ് ഹേമമാലിനി എന്ന് കണ്ടാല്‍ ആരും പറയില്ല എന്നത് തന്നെയാണ് അതിന് കാരണം. എന്താണ് ഹേമമാലിനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് നമുക്കൊന്ന് നോക്കാം. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ഹേമ മാലിനിയുടെ മകൾ ഇഷ ഡിയോൾ അമ്മയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് വാചാലയായത്.
ഒരു സ്പൂൺ ഗ്ലിസറിനും രണ്ട് സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ച മിശ്രിതം ടോണറായി ഉപയോഗിച്ചാൽ ആരും കൊതിക്കുന്ന ചർമം സ്വന്തമാക്കാം. മുഖത്തെ പാടുകൾ മാഞ്ഞ് മുഖം തിളങ്ങാൻ ഈ മിശ്രിതം സഹായിക്കും. ചർമത്തിൽ ഏറെ ചുളിവുകൾ ഉള്ളവർക്ക് ഗ്ലിസറിൻ തീർച്ചയായും ഒരു അനുഗ്രഹമാണ്. ഗ്ലിസറിനിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമത്തിലെ ഏറ്റവും മുകളിലുള്ള പാളിയിലേക്ക് ഈർപ്പം വലിച്ചെടുത്ത് ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. കുഞ്ഞുങ്ങളുടേതു പോലെ മൃദുവായ ചർമം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ടോണർ ഉപകാരപ്പെടും.
കണ്ണിനടിയിൽ, മുഖത്തിന്റെ വശങ്ങളിൽ ഒക്കെ കറുത്തപാടുകൾ ഉള്ളവർക്കും ഈ ടോണർ ഗുണം ചെയ്യും. നാരങ്ങാനീരിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിലെ നിറം മാറ്റമുള്ള സ്ഥലങ്ങളിൽ ഈ ലേപനം പുരട്ടിയാൽ ചർമത്തിലെ ഇരുണ്ട പാടുകൾ നീങ്ങി മുഖചർമം കൂടുതൽ സുന്ദരമാകും. ചർമത്തിലെ മൃതകോശങ്ങളെ അകറ്റാനുള്ള ശേഷിയും നാരങ്ങയ്ക്കുള്ളതിനാൽ ഇത് നല്ലൊരു സ്ക്രബിന്റെ ഗുണം ചെയ്യും.
ഗ്ലിസറിനും നാരങ്ങാനീരും തുല്യ അളവിലെടുത്ത് രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് മുഖത്ത് നന്നായി പുരട്ടണം. മിശ്രിതം ഉണങ്ങിയ ശേഷം ഉറങ്ങാം. രാവിലെ ഉണർന്നാലുടൻ മുഖം നന്നായി കഴുകാം. നാരങ്ങയ്ക്ക് അമ്ലഗുണം കൂടുതലുള്ളതിനാൽ മുഖത്ത് പുരട്ടും മുമ്പ് കയ്യിലോ മറ്റോ പാച്ച് ടെസ്റ്റ് നടത്തിയ ശേഷം അലർജി ഒന്നുമില്ലെന്ന് ഉറപ്പായതിനുശേഷം മാത്രമേ മുഖത്ത് പുരട്ടാൻ പാടുള്ളൂ എന്നും ഇഷ ഓർമിപ്പിക്കുന്നു.