കീവ്: യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ഡ്രോണ്‍ ആക്രമണം. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുന്നതിനിടെയാണ് റഷ്യയുടെ ആക്രമണമെന്നതാണ് ശ്രദ്ധേയം. ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. നാലുവയസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത് എന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് 273 ഷഹീദ് ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്. ഇറാനില്‍ നിന്ന് റഷ്യ വാങ്ങിയ വിലകുറഞ്ഞ ഡ്രോണുകളാണ് ഇവ.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഒമ്പത് മണിക്കൂറോളമാണ് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിക്കൊണ്ടിരുന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ കൂടുതലും ജനവാസ കേന്ദ്രങ്ങളാണ് തകര്‍ന്നത്.
ശനിയാഴ്ച ഡോണെസ്‌കില്‍ റഷ്യ ശക്തമായ ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനൊപ്പം ഖേഴ്‌സണിലും സപോറിഷ്യയിലും റഷ്യ ഡ്രോണ്‍ ആക്രമണം നടത്തി.
ശനിയാഴ്ച സുമിയില്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മണിക്കൂറുകള്‍ക്കകമാണ് റഷ്യ സുമിയില്‍ ആക്രമണം നടത്തിയത്.