പാലക്കാട് റാപ്പർ വേടൻ്റെ പരിപാടിയിൽ വൻ തിരക്ക്. തിരക്ക് നിയന്ത്രിക്കാനായി പോലീസ് ലാത്തി വീശി. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്ക്. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 പേർക്കാണ് പരുക്കേറ്റത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പടെ സംഘാടകർക്കെതിരെയും പോലീസ് ലാത്തി വീശി. പരിപാടിക്കിടെ പരുക്കേറ്റ മുഴുവൻ പേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
പരിപാടിക്കിടെ നിരവധി തവണ ലാത്തി ചാർജ് നടത്തേണ്ടി വന്നു. മന്ത്രി എംബി രാജേഷും മന്ത്രി ഒആർ കേളു അടക്കമുള്ളവർ ഇരിക്കുന്ന സ്ഥലത്തേക്ക് ആളുകൾ തള്ളിക്കയറി വന്ന സാഹചചര്യം ഉണ്ടായതോടെയാണ് ലാത്തി വീശിയത്. ഇതിന് പിന്നാലെ മന്ത്രി സ്ഥലത്ത് നിന്ന് മടങ്ങി. വേടന്റെ വേദിയിലേക്ക് ആളുകൾ ചാടി കയറുന്ന സാഹചര്യം വരെ ഉണ്ടായി. സംഘാടകർക്കും വോളന്റിയേഴ്‌സിനും നിയന്ത്രിക്കാൻ കഴിയാത്തവിധത്തിലുള്ള തിരക്കാണ് പരിപാടിയിൽ അനുഭവപ്പെട്ടത്. ഇതോടെയാണ് പൊലീസ് ഇടപ്പെട്ടത്. ചെറിയകോട്ട മൈതാനത്തായിരുന്നു പരിപാടി നടന്നത്.
ആറ് മണിക്ക് തുടങ്ങേണ്ട പരിപാടി ഏഴ് മണിക്കാണ് തുടങ്ങിയത്. ഒരു പാട്ട് പാടി തുടങ്ങുന്നതിന് മുൻപ് തന്നെ ഉന്തും തള്ളും തുടങ്ങിയിരുന്നു. പൊലീസ് ലാത്തി വീശിയിട്ടും ആളുകൾ പിരിഞ്ഞുപോകാൻ തയാറായില്ലായിരുന്നു. ഉന്തും തള്ളും വർധിച്ചതോടെ പാട്ട് താത്കാലികമായി നിർത്തിവെക്കാൻ പൊലീസ് വേടനോട് ആവശ്യപ്പെട്ടു. ആളുകളെ പൂർണമായി മാറ്റിയ ശേഷമാണ് പരിപാടി പുനരാരംഭിച്ചത്. എന്നാൽ കുറച്ച് പാട്ടുകൾ മാത്രമാണ് പരിപാടിയിൽ വേടന് പാടാൻ കഴിഞ്ഞുള്ളൂവേടൻ സ്ഥലത്ത് നിന്ന് മടങ്ങി.
STORY HIGHLIGHTS : Clash at Palakkad rapper Vedan’s event