റാപ്പര്‍ വേടനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടന്‍ ആധുനിക സംഗീതത്തിന്റെ പടനായകനാണ്. ആര്‍എസ്എസിന് എന്ത് കല? വേടന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
എം.ഗോവിന്ദന്റെ വാക്കുകള്‍
”റാപ്പര്‍ വേടന്‍ കേരളത്തിന്റെ പടനായകനാണ്. റാപ്പ് മ്യൂസിക്കിനെ ആര്‍എസ്എസുക്കാര്‍ പറയുന്നു ഇത് ജാതിഭീകരതയാണെന്ന്. റാപ്പ് എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്. ‘റിഥം ആന്‍ഡ് പോയിറ്റ്‌റി ‘എന്നാണ് റാപ്പിന്റെ അര്‍ത്ഥം. വളരെ മനേഹരമായി പാടുന്ന റാപ്പ് മ്യൂസിക്കിനെ പറ്റിയാണ് പറയുന്നത് കലാഭാസമെന്ന്. ആര്‍എസ്എസിനും പത്രാധിപന്‍ മധുവിനും എന്ത് കല? ഒരു കലയെ പറ്റിയും ആര്‍എസ്എസിന് അറിയില്ല റാപ്പിനെ കുറിച്ചും അറിയില്ല. ലോകത്തിലെ പല കോണിലും റാപ്പ് മ്യൂസിക്ക് അംഗീകരിച്ചു കഴിഞ്ഞു. എന്നിട്ടാണ് ഇവിടെ കലാഭാസം എന്ന് പറയുന്നത്. ജാതിക്കെതിരായ പ്രവര്‍ത്തനമാണ് വേടന്റേത്. വേടനെതിരായ പൊലീസ് നീക്കം ബോധപൂര്‍വമാണ്. അത് തെറ്റ് തന്നെയാണ്. വേടന്റെ പ്രവര്‍ത്തനത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയുണ്ട്. പുലിപ്പല്ല് വിവാദത്തില്‍ വേടനെതിരായ കേസ് വേണ്ടാത്ത ഇടപെടലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ടാത്ത ഇടപെടലാണ് നടത്തിയത്. സവര്‍ണ ബോധമുളളവരാണ് ഇതിന് പിന്നില്‍. വേടന്‍ ഒരു തെറ്റ് പറ്റി അത് വേടന്‍ തന്നെ പറഞ്ഞു എന്നെ തിരുത്താന്‍ ആരുമില്ലാത്തത് കൊണ്ടാണ് ഞാന്‍ ആ തെറ്റിലേക്ക് പോയത്, ഞാന്‍ ആ ശീലം നിര്‍ത്തുന്നു ഇനി ആ തെറ്റിലേക്ക് പോകില്ലാന്ന് വേടന്‍ ഏറ്റു പറഞ്ഞു. കേരളം കണ്ട ഏറ്റവും പ്രമുഖനായ റാപ്പ് മ്യൂസിക്കിന്റെ വക്താവായ,രാജ്യമറിയുന്ന ലക്ഷകണക്കിന് ആളുകളെ ആകര്‍ശിച്ച വേടനെന്ന ആ ചെറുപ്പാകാരന്റെ ഒപ്പം നിന്നിട്ട് ഞങ്ങള്‍ പറഞ്ഞു തെറ്റായ ഒരു നിലപാടും സ്വീകരിക്കാന്‍ പാടില്ല. ഞങ്ങള്‍ പരസ്യമായി വേടനൊപ്പം നിന്നപ്പോഴാണ് ചിത്രം മാറിയത്”.
വേടന്റേത് കലാഭാസമാണെന്ന് പറഞ്ഞ ആര്‍എസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍ മധുവിനായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.
”വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ്. വേടന് പിന്നില്‍ ശക്തമായ സ്പോണ്‍സര്‍ ശക്തികള്‍ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാല്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളില്‍ കടന്ന് വരുന്നത്. ചെറുത്ത് തോല്‍പ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാന്‍ പാട്ട് വെയ്ക്കുന്നവര്‍ അമ്പല പറമ്പില്‍ ക്യാബറയും വെയ്ക്കും”. ഇതായിരുന്നു ഡോ. എന്‍ ആര്‍ മധു പറഞ്ഞത്.
റാപ്പര്‍ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ എന്‍ ആര്‍ മധുവിനെതിരെ കിഴക്കെ കല്ലട പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്.