തിരൂരങ്ങാടി (മലപ്പുറം): കൂരിയാട് ദേശീയപാതയില്‍ തലപ്പാറ ഭാഗത്ത് റോഡില്‍ വിള്ളല്‍. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്ച രാവിലെ മീറ്ററുകളോളം നീളത്തില്‍ വിള്ളല്‍കണ്ടത്. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സര്‍വീസ് റോഡ് വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്.
കഴിഞ്ഞദിവസം ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നുവീണ കൂരിയാടിന് നാലുകിലോമീറ്ററോളം അകലെയാണ് വിള്ളല്‍ കണ്ടെത്തിയ തലപ്പാറ പ്രദേശം. വിവരമറിഞ്ഞ് തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തി. ദേശീയപാത അധികൃതരും വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ബി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
അതേസമയം, വയലിന് സമീപം ഉയര്‍ത്തി നിര്‍മിച്ച റോഡിന്റെ അടിഭാഗത്തെ മണ്ണുനീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിങ്കളാഴ്ച അപകടമുണ്ടായ കൂരിയാട്ടും സമാന അവസ്ഥയാണുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.