തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില. ഇന്നത്തെ സ്വര്‍ണ്ണ വില ഗ്രാമിന് (22K) 8710 രൂപയാണ്. അപ്പോള്‍ ഒരു പവന്റെ വില ആലോചിച്ചാല്‍ തന്നെ തലകറങ്ങും. ഈ സാമൂഹിക ചുറ്റുപാടിലാണ് കുറച്ചു സ്വര്‍ണ്ണം കളഞ്ഞു കിട്ടുന്നതെങ്കില്‍ ആരെങ്കിലും തിരികെ കൊടുക്കുമോ. ഇതൊരു അതിശയോക്തി കലര്‍ന്ന ചോദ്യമാണെന്നു വിചാരിക്കരുത്. ഭൂരിഭാഗം പേരും സാമ്പത്തിക പരാധീനത കൊണ്ട് ആ സ്വര്‍ണ്ണം തചിരിച്ചു കൊടുക്കാനുള്ള മാനസികാവസ്ഥയില്‍ എത്തില്ല എന്നുറപ്പാണ്. എന്നാല്‍, സ്വര്‍ണ്ണമായാലും
പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസില്‍ വച്ചാണ് നഷ്ടപ്പെട്ടതെങ്കില്‍ അത് തിരിച്ച് കിട്ടുമെന്ന് വിണ്ടും ജിവനക്കാര്‍ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഉള്ളൂരിലുള്ള ഒരു സ്വകാര്യലാബില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി കയറിയ ബസില്‍ വച്ച് കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന രണ്ട് പവനോളം തുക്കം വരുന്ന ബ്രെയ്‌സിലെറ്റ് നഷ്ടപ്പെട്ടു. വീട്ടില്‍ ചെന്നപ്പോഴാണ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. വീട്ടിലാകെ കൂട്ടകരച്ചിലും ബഹളവും, അവസാനം പരിശോധിച്ചപ്പോള്‍ ബസ് വികാസ് ഭവന്‍
യൂണിറ്റിലെ ഇലക്ട്രിക്ക് ബസാണ് എന്ന് മനസിലായി. വികാസ് ഭവന്‍ യുണിറ്റിലെ ഇലക്ട്രിക്ക് ബസുകളുടെ ചുമതല വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍ പ്രദീപിനെ ബന്ധപ്പെട്ടു. ഇതിനിടയില്‍ ഇലക്ട്രിക്ക് ബസിലെ കണ്ടക്ടര്‍ ബസ് കിഴക്കേകോട്ടയില്‍ എത്തിയ ശേഷം ബസ് പുറകിലേക്ക് എടുക്കുന്ന സമയത്താണ് കണ്ടക്ടര്‍ ഷിബു കുമാറിന് സ്വര്‍ണ്ണത്തിലുള്ള ഒരു വസ്തു ശ്രദ്ധയില്‍ പ്പെട്ടത്. ഉടനെ തന്നെ ഡ്രൈവര്‍ ശംഭുവിനെ കാണിക്കുകയും ബ്രെയ്‌സ്‌ലെറ്റാണ് എന്ന് ഉറപ്പിക്കുകയും ഉടന്‍ തന്നെ ചുമതലയുളള ഇന്‍സ്‌പെക്ടറെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് അമ്മയുമായി പെണ്‍കുട്ടി വികാസ് ഭവന്‍ യുണിറ്റിലെത്തി രേഖകള്‍ കാണിച്ച് ബ്രെയ്‌സ്‌ലെറ്റ് കൈപ്പറ്റി.മാര്‍ക്കറ്റ് വിലയില്‍ ഒന്നരലക്ഷത്തോളം വിലവരുന്ന ബ്രെയിസ് ലെറ്റ് ഉടമയക്ക് തിരിച്ചു കൊടുത്തു എന്നതല്ല, ഈ സംഭവത്തിലെ ഹൈ ലൈറ്റ്. ബസിലെ ജീവനക്കാര്‍ക്കു തന്നെ കിട്ടി എന്നതാണ്. ഇല്ലെങ്കില്‍ അത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുമായിരുന്നു. ആ ബസില്‍ കയറിയ മറ്റേതെങ്കിലും യാത്രക്കാര്‍ക്കാണ്
കിട്ടിയതെങ്കില്‍ കണ്ടെത്താന്‍പോലും കഴിയില്ലായിരുന്നു. ഇവിടെയാണ് KSRTC ജീവനക്കാരുടെ വിശ്വാസ്യതയും സത്യസന്ധതയും മാര്‍ക്കിടപ്പെടുന്നത്. അവര്‍ക്ക് കഷ്ടകാലവും കെട്ടകാലവുമൊക്കെയുണ്ട്. എങ്കിലും ബസില്‍ കയറുന്ന ഓരോരുത്തരുടെയും ജീവനും സ്വത്തിനും കൂടെ സുരക്ഷിതത്വം ഒരുക്കുക എന്ന വലിയ കടമ കൂടിയാണ് അവര്‍ നിറവേറ്റുന്നത്. കളഞ്ഞു കിട്ടുന്ന സ്വര്‍ണ്ണമല്ല, അത് തിരികെ കൊടുക്കാനുള്ള KSRTCക്കാരുടെ മനസ്സല്ലേ പൊന്ന്. തനി തങ്കം.
CONTENT HIGH LIGHTS; Aren’t KSRTC workers really gold?: There are people who get yellow-eyed when they see gold; but this KSRTC worker proved it again; The bracelet was returned to its owner