മത്തന്‍ കൃഷി കൃത്യമായ പരിചരണം ആവശ്യമില്ലാത്തതും എളുപ്പം ചെയ്യാന്‍ കഴിയുന്നതുമായ ഒന്നാണ്. അധികം പരിചരണം വേണ്ടാത്ത അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ എവിടെ വേണമെങ്കിലും വളർന്നു പടരുന്ന വള്ളിച്ചെടിയാണ് ഇത്. പൂര്‍ണ്ണമായി ജൈവരീതിയില്‍ മത്തന്‍ കൃഷി ചെയ്തെടുക്കാം.
നമ്മുടെ കാലാവസ്ഥയനുസരിച്ചു ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, ഓഗസ്റ്റ്-ഡിസംബര്‍ എന്നീ സമയങ്ങളാണ് മത്തൻ കൃഷിക്ക് അനുയോജ്യം. മഴക്കാലത്ത് കൃഷി ചെയുമ്പോള്‍ മെയ്, ജൂണ്‍ മാസയളവിലെ ആദ്യത്തെ രണ്ട് മൂന്നു മഴയ്ക്ക് ശേഷം വിത്ത് ഇട്ടുതുടങ്ങാം. അതുപോലെ ഓഗസ്റ് മാസ൦ തീരുമ്പോഴും വിത്ത് നടാം.
കിളച്ചു നിരപ്പാക്കി മണ്ണില്‍ കുമ്മായം ചേര്‍ത്ത് തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ച കഴിഞ്ഞു അടിവളം കൊടുത്ത് വിത്ത് നടാം. 30 – 45 സെ. മീ. ആഴത്തിലും 60 സെ. മീ. വ്യാസത്തിലുമുള്ള കുഴികള്‍ രണ്ടു മീറ്റര്‍ അകലത്തില്‍ എടുക്കണം. കുഴികളില്‍ ഒരല്പം കൂടി കുമ്മായവയും കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് നിറക്കേണ്ടത്. കുഴി ഒന്നിന് നാലോ അഞ്ചോ വിത്തുകള്‍ പാകാം.
മുളച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ചക്കകം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്തു കുഴി ഒന്നിന് മൂന്നു ചെടികള്‍ എന്ന നിലയില്‍ നിലനിര്‍ത്തണം. വിത്ത് മുളച്ചു വള്ളി വീഴുമ്പോഴും പൂവിരിയുന്ന സമയത്തും ഓരോ കിലോ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. വള്ളി വീശിപ്പോകുമ്പോൾ ഓരോ മുട്ടിലും മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ്.
അധികം രോഗങ്ങൾ ഉണ്ടാകാറില്ല മത്തന്‍. എങ്കിലും ചില വണ്ടുകളും ഈച്ചകളും വിളയെ ആക്രമിക്കുന്നതായി ചിലയിടങ്ങളിൽ കാണാറുണ്ട്. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ആ മിശ്രിതം പ്രയോഗിച്ചാൽ മതി.