സോഷ്യൽ മീഡിയയിൽ ഹെൽത്ത് സപ്ലിമെന്റ് ബ്രാൻഡിന്റെ പ്രമോഷൻ നടത്തിയതിന് സിനിമാ താരം സമാന്തയെ രൂക്ഷമായി വിമർശിച്ച് ഡോ. സിറിയക് ആബി ഫിലിപ്സ്. ദി ലിവർ ഡോക് എന്നറിയപ്പെടുന്ന ഡോ. സിറിയക് ആബി ഫിലിപ്സ് മുൻപും വിമർശിച്ചിട്ടുണ്ട്. എൻഎംഎൻ (നിക്കോട്ടിനാമൈഡ് മോണോ ന്യൂക്ലിയോടൈഡ്) അടങ്ങിയ സപ്ലിമെന്റ് ബ്രാൻഡാണ് താരം പ്രൊമോട്ട് ചെയ്തത്.
ഈ സപ്ലിമെന്റ് ബ്രാൻഡിന്റെ സഹ സ്ഥാപക കൂടിയാണ് സമാന്ത. പ്രായമാകുന്തോറും മനുഷ്യരുടെ NAD+ ലെവലുകൾ കുറയുകയും ഇത് മൂലം ഊർജ്ജം കുറയുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുമെന്ന് സമാന്തയുടെ പരസ്യത്തിൽ പറയുന്നു. സമാന്തയുടെ എൻഎംഎൻ സപ്ലിമെന്റേഷൻ ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്നും താരം അവകാശപ്പെടുന്നു. ഇത് തെറ്റായ വിവരമാണെന്ന് ദി ലിവർ ഡോക് ചൂണ്ടിക്കാട്ടി. ‘ശാസ്ത്ര നിരക്ഷരർ’ എന്നാണ് സമാന്തയെ ഡോക്ടർ വിശേഷിപ്പിച്ചത്. ശാസ്ത്രീയ പിന്തുണയില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികളെ പൊതുജനങ്ങൾ സൂക്ഷിക്കണമെന്നു ഡോക്ടർ പറഞ്ഞു. യോഗ്യതയുള്ള ഡോക്ടർമാരുടെ വൈദ്യോപദേശം മാത്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം, ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷൻ ശുപാർശ ചെയ്തതിന് സമാന്തയെ ഫ്രോഡ് എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്. അതേസമയം വിമർശനങ്ങളിൽ സമാന്ത നേരിട്ട് പ്രതികരിച്ചിട്ടില്ല. കൃത്യമായ സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോയ ശേഷമാണ് തന്റെ പ്രോഡക്ടുകൾ മാർക്കറ്റിൽ എത്തുന്നതെന്നാണ് സമാന്ത പറയുന്നത്.