സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ‘ബെൻസി’ലെ ക്യാരക്ടർ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സായി വലിയ രീതിയിൽ ശ്രദ്ധ നേടി.
വീഡിയോയിലെ തീം സോങ് ഇതിനോടകം വലിയ ജനശ്രദ്ധയാണ് നേടിയത്. കഥാപാത്രത്തിന്റെ സ്വഭാവത്തെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സായിയുടെ പാട്ടുകൾക്ക് കഴിഞ്ഞെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അടുത്ത അനിരുദ്ധ് ആണ് സായ് എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് സായ് അഭ്യങ്കർ. ‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെയാണ് സായ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ ‘കച്ചി സേര’, ‘ആസ കൂട’ എന്നീ ഗാനങ്ങൾ യൂട്യൂബിൽ മാത്രം 200 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനങ്ങളാണ്. ഈ ഗാനങ്ങളിലൂടെ സായ് സോഷ്യൽ മീഡിയ സെൻസേഷനായി മാറുകയായിരുന്നു.
‘ബെൻസി’ന് പുറമേ നിരവധി ചിത്രങ്ങളാണ് സായ് അഭ്യങ്കരുടെ സംഗീതത്തിൽ പുറത്തിറങ്ങാനുള്ളത്. സൂര്യ നായകനായി എത്തുന്ന സൂര്യ 45, സിലമ്പരശൻ ചിത്രം എസ്ടിആർ 49, അല്ലു അർജുൻ-അറ്റ്ലീ ഒന്നിക്കുന്ന 600 കോടി ചിത്രം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ‘ഡ്യൂഡ്’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവഹിക്കുക സായ് അഭ്യങ്കരായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.