ഡെലിവറി തൊഴിലാളികൾക്കായി പുതിയ സുരക്ഷാ നിബന്ധനകളുമായി ഖത്തർ

qatar
 

രാജ്യത്ത് ഡെലിവറി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബൈക്കുകള്‍ക്കായി പുതിയ സുരക്ഷാ നിബന്ധനകളുമായി  ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.പുതിയ നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.  ബൈക്കോടിക്കുന്ന ഡെലിവറി ബോയികള്‍ എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കേണ്ടതാണ്.ഇവര്‍ക്ക് മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് നിര്‍ബന്ധമാണ്. ഇത്തരം വാഹനങ്ങളില്‍ ഓടിക്കുന്ന ആള്‍ക്ക് പുറമെ മാറ്റ് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയില്ല.

ബൈക്ക് തൊഴിലുടമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം,പെര്‍മിറ്റ് നമ്പര്‍ ബൈക്കുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം,വാഹനത്തിന്റെ ബാലന്‍സ് ഉറപ്പാക്കുന്നതിനായി ബൈക്കില്‍ സൈഡ് ജാക്ക് പിടിപ്പിച്ചിരിക്കണം എന്നിവയാണ് പുതിയ നിർദേശങ്ങൾ.


ബൈക്കിന്റെയും, ബോക്സിന്റെയും ഒന്നിച്ചുള്ള നീളം 3 മീറ്ററിലധികമാകാന്‍ പാടില്ല, ബോക്‌സുകളുടെ അരികുകളില്‍ ഫോസ്ഫറസ് റിഫ്‌ളക്ടറുകള്‍ പിടിപ്പിച്ചിരിക്കണം,ഓര്‍ഡര്‍ ബോക്‌സ് വാഹനത്തില്‍ സുരക്ഷിതമായി ഘടിപ്പിച്ചിരിക്കണം. കുലുക്കം, ഇളക്കം എന്നിവ പ്രതിരോധിക്കാവുന്ന രീതിയിലായിരിക്കണം ഇവ ഘടിപ്പിക്കേണ്ടത്, ബോക്‌സിന്റെ പരമാവധി അനുവദിച്ചിട്ടുളള നീളം 120 സെന്റിമീറ്ററും, വീതി 60 സെന്റിമീറ്ററുമാണ് എന്നിവയാണ് ഓര്‍ഡര്‍ ബോക്‌സില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ നിബന്ധനകള്‍.