നവയുഗം ജീവകാരുണ്യ പ്രവർത്തകർ തുണയായി ; നിയമക്കുരുക്കിലായതമിഴ്‌നാട് സ്വദേശി നാട്ടിലേയ്ക്ക് മടങ്ങി.

manjuwithmaria

ദമ്മാം: സ്പോൺസർ ഇക്കാമ പുതുക്കാത്തതിനാൽ ദുരിതത്തിലായ തമിഴ്നാട് സ്വദേശി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്നാട് കന്യാകുമാരി സ്വദേശി മാരിയ ശെൽവം ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ദമ്മാമിൽ ഒരു സൗദി കോൺട്രാക്റ്റിങ് കമ്പനിയിൽ മേസനായി വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു മാരിയ ശെൽവം. എന്നാൽ പിന്നീട് കമ്പനി റെഡ് കാറ്റഗറിയിൽ ആയതോടെ, മാരിയയുടെ ഇക്കാമ പുതുക്കാൻ കഴിയാതെ ആയി. ഇക്കാമ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കഴിയാതെ ആയതോടെ, മാരിയ ശെൽവം ധൈര്യമായി വീടിനു പുറത്തിറങ്ങാനോ, ജോലി ചെയ്തു ജീവിയ്ക്കാനോ പറ്റാത്ത അവസ്ഥയിലായി.
ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹത്തിന് ജോലി എടുക്കാൻ കഴിയാതെ ഇരിക്കേണ്ടി വന്നു.  സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിട്ടും സ്പോൺസർ അദ്ദേഹത്തെ വിധിയ്ക്ക് വിട്ടുകൊടുത്തു, പൂർണ്ണമായും കൈയൊഴിഞ്ഞ അവസ്ഥയായിരുന്നു.


വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ അലട്ടിയ അദ്ദേഹം ഏതോ സുഹൃത്തുക്കൾ നൽകിയ വിവരമനുസരിച്ചാണ് നവയുഗം സാംസ്ക്കാരികവേദി ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്.

മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യ  പ്രവർത്തകനുമായ പദ്മനാഭൻ മണികുട്ടനും മാരിയ ശെൽവത്തെ നേരിട്ട് കണ്ടു സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി.  തുടർന്ന് അവർ ഈ വിവരങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിച്ച ശേഷം, മാരിയ ശെൽവത്തെ ലേബർ കോടതിയിൽ കൊണ്ട് പോയി, ഫൈനൽ എക്സിറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ചു. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, ഡീപോർട്ടേഷൻ  സെന്ററിൽ കൊണ്ട് പോയി അവിടെ നിന്നും എക്സിറ്റ് മേടിച്ചു കൊടുത്തു.
അങ്ങനെ മാരിയ ശെൽവത്തിന് നാട്ടിൽ പോകാനുള്ള വഴിയൊരുങ്ങി. എല്ലാവർക്കും നന്ദി പറഞ്ഞു അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങി.