×

ലോക സർക്കാർ ഉച്ചകോടി : നരേന്ദ്ര മോദി ഉൾപ്പെടെ 25ലേറെ രാഷ്ട്ര തലവന്മാർ പങ്കെടുക്കും

google news
BD763DAA-444C-4B70-9F0B-674EE3A7CBFE

ദുബായ് ∙ ഈ മാസം 12 മുതൽ 14 വരെ ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളെ അതിഥികളായി പ്രഖ്യാപിച്ചു. 'ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 25-ലേറെ സർക്കാർ തലവന്മാർ പങ്കെടുക്കും.

മോദിയെ കൂടാതെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദൊഗാൻ എന്നിവർ തങ്ങളുടെ രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കും. 85-ലേറെ രാജ്യാന്തര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും 120 ഗവൺമെന്‍റ് പ്രതിനിധികളും ഉൾപ്പെടെ ആകെ 4,000 പേര്‍ പങ്കെടുക്കും. അതിഥി രാജ്യങ്ങൾ അവരുടെ വിജയകരമായ സർക്കാർ അനുഭവങ്ങളും മികച്ച വികസന പ്രവർത്തനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. 

ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളെ ഈ വർഷത്തെ വിശിഷ്ടാതിഥികളാക്കിയത് യുഎഇയുമായുള്ള ആഴത്തിലുള്ള വേരോട്ടമുള്ള ബന്ധത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ക്യാബിനറ്റ് കാര്യ മന്ത്രിയും ഡബ്ല്യുജിഎസ് ഓർഗനൈസേഷൻ ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. ഈ വർഷത്തെ ഉച്ചകോടി ആറ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 110 ആശയസംവാദങ്ങളിലൂടെ പ്രധാന മേഖലകളിലെ ഭാവി തന്ത്രങ്ങളും പരിവർത്തനങ്ങളും പര്യവേക്ഷണം ചെയ്യുന്ന 15 ആഗോള ഫോറങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. പ്രസിഡന്റുമാരും മന്ത്രിമാരും ചിന്തകരും ഉൾപ്പെടെ 200-ലേറെ പ്രമുഖ പ്രഭാഷകർ 23 മന്ത്രിതല യോഗങ്ങളിലും 300-ലധികം മന്ത്രിമാർ പങ്കെടുക്കുന്ന എക്‌സിക്യൂട്ടീവ് സെഷനുകളിലും അവരുടെ സ്ഥിതിവിവരക്കണക്കുകൾ പങ്കിടും.

∙ മോദിയുടെ യുഎഇയിലെ പരിപാടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്രാവശ്യത്തെ യുഎഇ പര്യടനത്തിൽ ഒട്ടേറെ പരിപാടികൾ. ദുബായ് മദീനത് ജുമൈറയിൽ 12 മുതൽ 14 വരെ നടക്കുന്ന ലോക ഗവൺമെന്‍റ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. 13ന് അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ജനുവരി 25 വരെ 30,000-ത്തിലധികം ആളുകൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. 14ന് തലസ്ഥാനത്തെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പര്യടനം അവസാനിപ്പിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags