×

സമാധാനത്തിനായുള്ള ഗസ്സയുടെ കാത്തിരുപ്പ് വിഫലം | Israel- Hamas | No end to war

google news
സമാധാനത്തിനായുള്ള ഗസ്സയുടെ കാത്തിരുപ്പ് വിഫലം | Israel- Hamas | No end to war

ഇസ്രയേലിന്റെ ഗസ്സയിൽനിന്നുള്ള പൂർണ്ണമായ  പിന്മാറ്റം ആവശ്യപ്പെട്ടു ഹമാസ് മുന്നോട്ടുവച്ച 135 ദിവസത്തെ വെടിനിർത്തൽ പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളി.

ഗസ്സക്കുമേലുള്ള  ഇസ്രയേലിന്റെ വിജയം തീർച്ചയാണെന്നും അതുവരെ പിന്മാറ്റമില്ലെന്നുമാണ് നെതന്യാഹുവിന്റെ പക്ഷം. ഇതോടെ  സംഘർഷം തുടരാൻ തന്നെയാണ്  ഇസ്രയേൽ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായെന്നു ഹമാസ് പ്രതികരിച്ചു.

തീരുമാനം ഈ വിധത്തിലായതോടെ  സമാധാനചർച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ മധ്യപൂർവദേശ സന്ദർശനത്തിലും പ്രതീക്ഷ മങ്ങി. ഗസ്സയിൽ പൗരന്മാർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുന്നതിൽ ആശങ്ക അറിയിച്ച ബ്ലിങ്കൻ, ആവശ്യത്തിന്​ സഹായം ഉറപ്പാക്കാൻ വൈകരുതെന്നും നെതന്യാഹുവിനോട്​ അഭ്യർഥിച്ചു. 

ഏറ്റവും കൂടുതൽ അഭയാർഥികൾ താമസിക്കുന്ന  റഫയിൽ ആക്രമണം നടത്തുന്നത്  കരുതലോടെ വേണമെന്ന്​ ഇസ്രായേലിനോട്​ നിർദേശിച്ചതായി ബ്ലിങ്കൻ പറഞ്ഞു.

നാലര മാസത്തെ വെടിനിർത്തൽ കാലയളവിലെ ആദ്യ 45 ദിവസം എല്ലാ ബന്ദികളെയും കൈമാറുമെന്നും അതോടെ ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണ്ണമായും പിന്മാറണമെന്നുമാണ്​ ഹമാസ് മുന്നോട്ടുവെച്ച​ നിർദേശം. യുദ്ധത്തിന് അവസാനം കാണാനുള്ള ചർച്ചകൾ തുടങ്ങിവച്ചാൽ മാത്രം വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ശേഷിക്കുന്ന ബന്ദികളെ കൈമാറുന്നതും ഇസ്രയേൽ സേനയുടെ പൂർണ പിന്മാറ്റവും ഈ ഘട്ടത്തിലാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറുന്നതാണ് മൂന്നാം ഘട്ടം. 

ഹമാസിനെ ഇല്ലാതാക്കാതെ പിന്മാറ്റമില്ലെന്ന് ആവർത്തിച്ച നെതന്യാഹു, വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ലയുടെ ആക്രമണം മൂലം ഒരു ലക്ഷത്തോളം കുടുംബങ്ങൾ പലായനം ചെയ്തെന്നും ചൂണ്ടിക്കാട്ടി.  സൗദി, ഈജിപ്ത് നേതാക്കളുമായുള്ള ചർച്ചകൾക്കുശേഷം ഇന്നലെ ഇസ്രയേലിൽ എത്തിയ ആന്റണി ബ്ലിങ്കൻ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വെസ്റ്റ്ബാങ്കിൽ കൂടിക്കാഴ്ച നടത്തി. 

അതേസമയം ഗസ്സയിലേക്കുളള സഹായവിതരണത്തിന്റെ നല്ലൊരുശതമാനവും ഇസ്രയേൽ ഇടപെട്ടു തടഞ്ഞതായി യുഎൻ ആരോപിച്ചു. 
കഴിഞ്ഞ ഒക്ടോബർ 7 മുതൽ ഇതുവരെ ഗാസയിൽ 27,585 പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads-  Join ചെയ്യാം

Tags