വിപണിയിലെത്തി വെറും 10 മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ഫ്രോങ്സ്. ഒരു ലക്ഷത്തിൽ 9000 എണ്ണം ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ വിപണികളിലാണ് വിറ്റത്. സെമി കണ്ടക്ടർ ക്ഷാമം ആദ്യ മൂന്നു മാസത്തെ ഫ്രോങ്സിന്റെ വിതരണത്തെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ടുകൊണ്ടാണ് ഒരുലക്ഷം പിന്നിട്ടത്. കഴിഞ്ഞ വർഷം നടന്ന ഓട്ടോഎക്സ്പോയിലാണ് മാരുതി സുസുക്കി ഫ്രോങ്സിനെ ആദ്യമായി പ്രദർശിപ്പിച്ചത്. ബലേനോടെ അടിസ്ഥാനമാക്കിയാണ് ഈ ചെറു എസ്‍യുവി മാരുതി നിർമിച്ചത്.
ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻഭാഗമാണ് ഫ്രോങ്സിന്. ഗ്രിൽ, ക്രോം സ്ട്രിപ്, ഡിആർഎൽ, ബോണറ്റ് എന്നിവയ്ക്കെല്ലാം വിറ്റാരയോട് സാമ്യമുണ്ട്. മൂന്ന് ലൈറ്റുകളുള്ള ഹെഡ്‌ലാംപാണ്. മസ്കുലർ ലുക്ക് തോന്നിക്കുന്നതിന് മുന്നിലും വശങ്ങളിലും പിന്നിലും പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. മനോഹര ഡിസൈനിലുള്ള അലോയ് വീലുകളാണ്. ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ട്.
Read also: ഇ ചെല്ലാൻ വെബ്സൈറ്റുകളുടെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മോട്ടർ വാഹന വകുപ്പ്
ഐഡിൽ–സ്റ്റാർട് സ്റ്റോപ്പുള്ള 1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും വാഹനത്തിലുണ്ട്.1 ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോര്‍ക്കും നൽകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗീയർബോക്സുമുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയർബോക്സും ലഭിക്കും.ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്‌സിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും വയർലെസ് ചാർജിങ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിൽ ഫ്രോങ്സ് ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ